നൈജീരിയയിൽ കത്തോലിക്കാ വൈദികന് വെടിയേറ്റു
നൈജീരിയയിലെ ഈമോ സംസ്ഥാനത്തുള്ള ഒഗ്‌ബാകുവിൽ, ക്രിസ്തുമസ് തലേന്ന് വൈകുന്നേരം ഒവേരി അതിരൂപതയിലെ വൈദികനായ ഫാ. റെയ്മണ്ട് ഞോക്കുവിന് അക്രമികളുടെ വെടിയേറ്റു. ഫീദെസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇഗ്‌ബാകുവിൽ (Igbaku) വി. കെവിന്റെ നാമധേയത്തിലുള്ള ഇടവകയുടെ അസിസ്റ്റന്റ് വികാരിയായ ഫാ. ഞോക്കു, വൈകിട്ട് എട്ടുമണിയോടെ ഇടവകയിലെത്തിയപ്പോൾ ഒരു വാഹനത്തിലെത്തിയ അക്രമിസംഘം അദ്ദേഹത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഈ പ്രദേശത്ത് മുൻപും പലതവണ തട്ടിക്കൊണ്ടുപോകൽശ്രമങ്ങൾ നടത്തിയ ഒരു സായുധ അക്രമിസംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ പുരോഹിതനെ ഇടവകയിൽ നിന്നുള്ള ആളുകൾ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഫാ. ഞോക്കുവിന്റെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവരികയാണെന്നും മാരകമായ ഈ ആക്രമണത്തിൽനിന്ന് അദ്ദഹം രക്ഷപെട്ടതിന് തങ്ങൾ നന്ദി പറയുന്നുവെന്നും അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ ലൂസിയൂസ് ഇവേജുരു ഉഗോർജി (Lucius Iwejuru Ugorji) പറഞ്ഞു.
ഫാ. ഞോക്കു യാത്ര ചെയ്തിരുന്ന കാറിൽ നിരവധി വെടിയുണ്ടകൾ പതിച്ചിരുന്നുവെന്ന് ആർച്ച്ബിഷപ്പ് ഉഗോർജി അറിയിച്ചു. ഈമോ സംസ്ഥാനത്തെ മ്പായ്ത്തോളി (Mbaitoli) പ്രാദേശിക സർക്കാർ മേഖലയിലുള്ള ഒഗ്‌ബാകുവിൽ (Ogbaku) വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.