മ്യാന്മറിൽ സമാധാനത്തിനായി പ്രാർഥനയ്ക്കും ഉപവാസത്തിനുമായി കത്തോലിക്കാ ബിഷപ്പുമാരുടെ ആഹ്വാനം

 
aa

മ്യാന്മറിൽ നിലനിൽക്കുന്ന അശാന്തിക്കും ദുരിതങ്ങൾക്കും അറുതി വരുത്താൻ മാർച്ച് 26 വ്യാഴാഴ്ച രാജ്യവ്യാപകമായി പ്രാർഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കാൻ മ്യാന്മറിലെ കത്തോലിക്കാ ബിഷപ്പുമാർ ആഹ്വാനം ചെയ്തു. മ്യാന്മറിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് (CBCM) പ്രസിഡന്റ് കർദിനാൾ ചാൾസ് മൗങ് ബോയും സെക്രട്ടറി ജനറൽ ബിഷപ്പ് നോയൽ സോ നാവ് ആയുമാണ് സംയുക്ത പ്രസ്താവനയിലൂടെ വിശ്വാസികളെ ഈ പ്രത്യേക പ്രാർഥനാദിനത്തിലേക്ക് ക്ഷണിച്ചത്.

നോമ്പുകാലം പ്രായശ്ചിത്തത്തിനും ഹൃദയ പരിവർത്തനത്തിനുമുള്ള സമയമാണെന്ന് ബിഷപ്പുമാർ കത്തിൽ ഓർമ്മിപ്പിച്ചു. പീഡിപ്പിക്കപ്പെടുന്ന തങ്ങളുടെ രാജ്യത്തിനും അതുപോലെതന്നെ മിഡിൽ ഈസ്റ്റിലെ സമാധാനത്തിനുമായി പ്രത്യേക പ്രാർഥനകൾ ഉയരണമെന്നും അവർ ആവശ്യപ്പെട്ടു. ലോകത്തിൽ എല്ലായിടത്തും മ്യാന്മറിലും ദൈവത്തിന്റെ സമാധാനം പുലരാനും ജനങ്ങൾക്കിടയിൽ പരസ്പര ധാരണയും ഐക്യവും വളരാനും ഈ ദിനം മാറ്റിവയ്ക്കണമെന്ന് സഭാനേതൃത്വം വിശ്വാസികളോട് അഭ്യർഥിച്ചു.

ഈ പ്രാർഥനാദിനത്തിൽ വി. ഫ്രാൻസിസ് അസീസിയുടെ സമാധാന പ്രാർഥന പ്രത്യേകം ചൊല്ലാനും ബിഷപ്പുമാർ നിർദേശിച്ചു. സ്വന്തം കഷ്ടപ്പാടുകൾ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുമായി ഐക്യപ്പെടുത്തിക്കൊണ്ട് ഹൃദയങ്ങളുടെ മാറ്റത്തിനായി ഉപവസിക്കാനും, അതോടൊപ്പം തന്നെ ദരിദ്രരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുന്നതിനായി ദാനധർമ്മങ്ങൾ ചെയ്യാനും അവർ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു.

Tags

Share this story

From Around the Web