ഇസ്രായേലിനെ പിന്തുണച്ചതിന് കത്തോലിക്കാ നടി പട്രീഷ്യ ഹീറ്റന് അവാർഡ്
ഇസ്രായേലിനു പിന്തുണ നൽകിയതിന് കത്തോലിക്കാ നടി പട്രീഷ്യ ഹീറ്റന് അവാർഡ് ലഭിച്ചു. ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ ഇസ്രായേലി ശാഖയായി അംഗീകരിക്കപ്പെട്ട ഏജൻസി ഏർപ്പെടുത്തിയ എറ്റേണൽ ലൈറ്റ് അവാർഡിനാണ് അവർ അർഹയായത്. ഡിസംബർ ഒമ്പതിന് ഫ്ലോറിഡയിലെ ബോക്ക റാറ്റണിലെ ബിനായ് തോറ സമൂഹത്തിലാണ് പരിപാടി നടന്നത്.
ഇസ്രായേലിൽ പ്രവർത്തിക്കുന്ന ഈ മെഡിക്കൽ എയ്ഡ് ഏജൻസിയെ പിന്തുണച്ചതിന് അവാർഡ് സ്വീകരിച്ചുകൊണ്ട്, ‘യഹൂദവിരുദ്ധതയുടെ അർബുദം’ തടയാൻ ആളുകൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് കത്തോലിക്കാ നടി പട്രീഷ്യ ഹീറ്റൺ പറഞ്ഞു. ‘ക്ലീവ്‌ലാൻഡിൽ നിന്നുള്ള ഐറിഷ് കത്തോലിക്ക’ എന്നാണ് ഹീറ്റൺ സ്വയം വിശേഷിപ്പിക്കുന്നത്. 1996-2005 കാലഘട്ടത്തിൽ പുറത്തിറങ്ങിയ ‘എവരിബഡി ലവ്സ് റെയ്മണ്ട്’, 2009-2018 കാലഘട്ടത്തിൽ പുറത്തിറങ്ങിയ ‘ദി മിഡിൽ’ എന്നീ ടിവി പരമ്പരകളിലെ അഭിനയത്തിലൂടെയാണ് അവർ പ്രശസ്തയായത്.
2023 ഒക്ടോബർ ഏഴിന് ഹമാസ് തീവ്രവാദികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 1,200 ഇസ്രായേലികൾ കൊല്ലപ്പെടുകയും 250-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അവർ പരിപാടിയിൽ സംസാരിച്ചു.
ഇപ്പോൾ 67 വയസ്സുള്ള നടി, ഒക്ടോബർ 7th കോളിഷൻ (O7C) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയാണ്, യഹൂദവിരുദ്ധതയ്‌ക്കെതിരെ നിലകൊള്ളാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ഒരു പ്രസ്ഥാനമാണിത്. “നമുക്ക് [ക്രിസ്ത്യാനികൾക്ക്] വെറുതെ ഇരിക്കാൻ കഴിയില്ല. ദൈവത്തിന്റെ സഹായത്തോടെ, യഹൂദവിരുദ്ധതയുടെ കാൻസർ കൂടുതൽ പടരാതിരിക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യണം,” അവർ പറഞ്ഞു.