രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; കൂടുതൽ പരാതിക്കാരിൽ നിന്ന് മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചെന്ന കേസിൽ കൂടുതൽ പരാതിക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ട്. പരാതി നൽകാൻ ഇവർ ഇതുവരെയും തയ്യാറായിട്ടില്ല എന്നാണ് വിവരം.
യുവതിയുമായി സംസാരിച്ച നാലു വനിത മാധ്യമപ്രവർത്തകരുടെയും മൊഴിയും എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗർഭഛിദ്ര പരാതിയിൽ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ ഉൾപ്പെടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ യുഡിഎഫ് യോഗം ഇന്ന് ചേരും. ആഗോള അയ്യപ്പ സംഗമത്തോടുള്ള നിലപാടിനും യോഗം രൂപം നൽകും.
പതിനഞ്ചാം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ സഭയിൽ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തിൽ ചർച്ചയാവും. രാഹുൽ മാങ്കൂട്ടത്തെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാടും യുഡിഎഫ് യോഗത്തിന്റെ പരിഗണനയിലേക്ക് വന്നേക്കും. വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനിൽ ആണ് യോഗം ചേരുക.