കർദിനാൾമാരുടെ ‘അസാധാരണ കൺസിസ്റ്ററി’ ജനുവരി ഏഴ്, എട്ട് തീയതികളിൽ
കർദിനാൾമാരുടെ ‘അസാധാരണ കൺസിസ്റ്ററി’ ജനുവരി ഏഴ്, എട്ട് തീയതികളിൽ നടക്കും. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ ഇതാദ്യമായിട്ടാണ് ലോകമെമ്പാടുമുള്ള കർദിനാൾമാർ പങ്കെടുക്കുന്ന സുപ്രധാന കൺസിസ്റ്ററി വിളിച്ചുകൂട്ടുന്നത്. ജൂബിലിവർഷത്തിന്റെ സമാപനത്തെ തുടർന്നായിരിക്കും സമ്മേളനം നടക്കുക.
പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. ഇത്തരമൊരു കൺസിസ്റ്ററി വിളിച്ചുകൂട്ടുന്നതിനെപ്പറ്റി കഴിഞ്ഞ നവംബറിൽ സഭ അറിയിച്ചിരുന്നു.”രണ്ടു ദിനങ്ങളിലായി നടക്കുന്ന ഈ സമ്മേളനത്തിൽ, കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും പങ്കുവയ്ക്കലിനും ധ്യാനത്തിനും പ്രാർഥനയ്ക്കും ആയിരിക്കും പ്രാധാന്യം നൽകുക” പരിശുദ്ധ സിംഹാസനത്തിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സാർവത്രിക സഭയെ ഭരിക്കാനും നയിക്കാനുമുള്ള ശ്രേഷ്ഠവും ഭാരച്ചതുമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരിശുദ്ധ പിതാവിന് പിന്തുണയും ഉപദേശവും നൽകുന്നതിനും, ഒരുമിച്ചുള്ള വിചിന്തനങ്ങൾക്കുമായിരിക്കും കൺസിസ്റ്ററിയുടെ പ്രവർത്തങ്ങൾ സഹായിക്കുക. ഈ സമ്മേളനം വഴി, റോമിന്റെ മെത്രാനായ പാപ്പായും സാർവ്വത്രികസഭയുടെ നന്മയ്ക്കും സഭയോടുള്ള കരുതലിനും വേണ്ടി പ്രത്യേകമായി സഹകരിക്കാനായി വിളിക്കപ്പെട്ടിട്ടുള്ള കർദ്ദിനാൾമാരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കൂടിയാണ് കൺസിസ്റ്ററി വഴി ലക്ഷ്യമിടുന്നത്.
എപ്പിഫനി തിരുനാളും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്നതുമായ ജനുവരി ആറാം തീയതിക്ക് ശേഷം ആരംഭിക്കുന്ന ഈ കൺസിസ്റ്ററിയുടെ കൃത്യമായ അജണ്ട ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല.
റോമിൽ താമസിക്കുന്ന കർദ്ദിനാൾമാർ മാത്രം പങ്കെടുക്കുന്നതും, ആചാരപരമായ സ്വഭാവമുള്ളതും, സുപ്രധാനതീരുമാനങ്ങൾക്ക് വേണ്ടിയല്ലാത്തതുമായ സാധാരണ കൺസിസ്റ്ററി, സഭാപരമായ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ടി, ലോകമെങ്ങുമുള്ള കർദ്ദിനാൾസംഘത്തിന്റെ അഭിപ്രായം സ്വീകരിക്കുന്നതിനുവേണ്ടി, അവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന അസാധാരണ കൺസിസ്റ്ററി എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കൺസിസ്റ്ററികൾ സഭയിലുണ്ട്.