കര്‍ദിനാള്‍ പിസബെല്ലയും പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും ഗാസയില്‍

ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസെബല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും അടങ്ങുന്ന എക്യുമെനിക്കല്‍ സംഘം ഗാസയില്‍ ആക്രമണത്തിന് വിധേയമായ ഹോളി ഫാമിലി ഇടവക സമൂഹത്തെ സന്ദര്‍ശിച്ചു.
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലാറ്റിന്‍ പാത്രിയാര്‍ക്കീസ് ഗാസയിലെത്തിയത്. പാലസ്തീന്‍ ഗ്രാമമായ തായ്‌ബെ സന്ദര്‍ശിച്ച്, വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാര്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന ‘വ്യവസ്ഥാപിതമായ’ ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ദിനാള്‍ പിസാബല്ലയും പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും ഗാസയില്‍ എത്തിയത്.
ഗാസയിലെ സമൂഹത്തെക്കുറിച്ചുള്ള വിശുദ്ധ നാട്ടിലെ സഭകളുടെ ആശങ്ക പങ്കുവയ്ക്കാനും ഐകദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ് എക്യുമെനിക്കല്‍ സംഘം ഗാസയിലെത്തിയതെന്ന് ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.
സന്നദ്ധ സംഘടനുകളുമായി കൈകോര്‍ത്ത് അഭയാര്‍ത്ഥികള്‍ക്ക് ‘നൂറുകണക്കിന് ടണ്‍ ഭക്ഷണസാധനങ്ങളും പ്രഥമശുശ്രൂഷ കിറ്റുകളും അടിയന്തിരമായി ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും’ സംഘം എത്തിച്ചുനല്‍കി.
കൂടാതെ പരിക്കേറ്റവരെ ഗാസയ്ക്ക് പുറത്തുള്ള ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കും പ്രതിനിധി സംഘം നേതൃത്വം നല്‍കി.
ഗാസയില്‍ എത്തിയ കര്‍ദിനാള്‍ പിസാബല്ലയെ ഫോണില്‍ വിളിച്ച പാപ്പ സഭാ പ്രതിനിധി സംഘത്തോടും അക്രമത്തിനിരയായ ജനങ്ങളോടുമുള്ള ‘പിന്തുണയും സാമീപ്യവും പ്രാര്‍ത്ഥനയും’ അറിയിച്ചു.
ജറുസലേമിലെ പ്രധാന ക്രൈസ്തവ സഭകളുടെ എക്യുമെനിക്കല്‍ കൂട്ടായ്മയും ഗാസയിലെ ക്രൈസ്തവ ദൈവാലയത്തിന് നേരെ ‘ഇസ്രായേല്‍ സൈന്യം നടത്തിയ ഏറ്റവും പുതിയ ആക്രമണത്തെ’ അപലപിച്ചു.