ഗാസ വെടിനിർത്തൽ കരാർ: യുദ്ധാവസാനത്തിലേക്കുള്ള ആദ്യ പടിയെന്ന് കര്‍ദ്ദിനാള്‍ പിയർബാത്തിസ്ത

ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കാനും ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും മോചിപ്പിക്കാനുമുള്ള കരാറിനെ ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് സ്വാഗതം ചെയ്തു. ഇത് ദുരന്തപൂർണമായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണെന്ന് കര്‍ദിനാള്‍ പിയർബാത്തിസ്ത പിസബെല്ല പ്രസ്താവനയിൽ അറിയിച്ചു.
ഈ കരാർ പൂർണ്ണമായും ആത്മാർത്ഥമായും നടപ്പാക്കണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ഉപാധികളില്ലാതെ മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഈ കരാർ പുതിയൊരു ഘട്ടത്തിന്റെ തുടക്കമായി കാണുന്നതായും, ഇനി യുദ്ധത്തെക്കുറിച്ചല്ല, പുനർനിർമ്മാണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അമേരിക്ക, ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് കരാർ യാഥാർഥ്യമായത്. സമാധാനത്തിനായുള്ള പ്രാർഥനാ ദിനത്തിൽ പങ്കുചേരാനും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു