സൗഹൃദബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി കുവൈറ്റ് സന്ദർശിച്ച് കർദിനാൾ പരോളിൻ
സൗഹൃദബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ കുവൈറ്റ് സന്ദർശിച്ചു. ജനുവരി 15-16 തീയതികളിലായിട്ടാണ് സന്ദർശനം നടക്കുന്നത്. സന്ദർശന വേളയിൽ, കുവൈറ്റ് പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹുമായി ഔദ്യോഗിക ചർച്ച നടന്നു.
അഹമ്മദിയിലുള്ള മൈനർ ബസിലിക്കയുടെ പ്രഖ്യാപന ചടങ്ങിൽ കർദിനാൾ പരോളിൻ അധ്യക്ഷത വഹിച്ചു. സന്ദർശനത്തിന്റെ തുടക്കത്തിൽ, പരിശുദ്ധ സിംഹാസനവും കുവൈറ്റും മതങ്ങൾക്കിടയിലുള്ള പരസ്പര ബഹുമാനത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു സംയുക്ത പ്രസ്താവന നടത്തി.
1968-ൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം പരിശുദ്ധ സിംഹാസനവും കുവൈറ്റും നിലനിർത്തിയിട്ടുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം. ആ വർഷം, പരിശുദ്ധ സിംഹാസനവുമായി അത്തരം ബന്ധം സ്ഥാപിക്കുന്ന ഗൾഫ് അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിലെ ആദ്യ രാജ്യമായി കുവൈറ്റ് മാറി. അറേബ്യൻ രാജ്യങ്ങൾക്കുള്ളിൽ കുവൈറ്റിനെ സ്ഥിരമായി വിശേഷിപ്പിക്കുന്ന മതപരമായ സഹവർത്തിത്വത്തിന്റെ ദീർഘകാല പാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തുക കൂടിയാണ് ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം.