കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്ക ബാവ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍; ജോസഫ് മാര്‍ ദിവന്നാസ്യോസ് ജനറല്‍ സെക്രട്ടറി
കൊല്ലം: കേരളത്തിലെ എപ്പിസ്‌കോപ്പല്‍ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാനായി കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവയെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊല്ലം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തയും ഡപ്യൂട്ടി സെക്രട്ടറിയായി ഫാ. സിറില്‍ തോമസ് തയ്യിലും തിരഞ്ഞെടുക്കപ്പെട്ടു.
നിബു ജേക്കബ് വര്‍ക്കി, അഡ്വ. ആന്‍സല്‍ കൊമാറ്റ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. കൊല്ലം സിഎസ്‌ഐ ബിഷപ്‌സ് ഹൗസില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ നയിച്ച പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ബിഷപ് റവ. ജോസ് ജോര്‍ജ് സ്വാഗതം ആശംസിച്ചു.
ചുമതലയൊഴിയുന്ന ചെയര്‍മാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ജനറല്‍ സെക്രട്ടറി മാര്‍ ഔഗിന്‍ കുര്യാക്കോസ്, ഡപ്യൂട്ടി സെക്രട്ടറി ഫാ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ക്ക് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ നന്ദി അര്‍പ്പിച്ചു.