തിരുസഭയുടെ ഉന്നതപദവികളില്‍ സേവനം ചെയ്ത കർദ്ദിനാള്‍ എഡോർഡോ മെനിചെല്ലി ദിവംഗതനായി

 
3333

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ഉന്നത പദവികളില്‍ സേവനം ചെയ്ത കർദ്ദിനാളും വടക്കൻ ഇറ്റാലിയൻ മേഖലയായ മാർഷെയിലെ അങ്കോണ-ഒസിമോയുടെ മുന്‍ ആർച്ച് ബിഷപ്പുമായ എഡോർഡോ മെനിചെല്ലി ദിവംഗതനായി. 86-ാം വയസ്സായിരിന്നു.

അചഞ്ചലമായ വിശ്വാസത്തോടെ കർത്താവിനുള്ള തന്റെ സമർപ്പണം അവസാനം വരെ കൊണ്ടുപോയ വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ മെനിചെല്ലിയെന്ന് അങ്കോണ-ഒസിമോയിലെ നിലവിലെ ആർച്ച് ബിഷപ്പ് അനുസ്മരിച്ചു.

1939 ഒക്ടോബർ 14 ന് സെറിപോള ഡി സാൻ സെവേരിനോ മാർഷെയിലാണ് മെനിചെല്ലി ജനിച്ചത്. ഫാനോയിലെ പീയൂസ് പതിനൊന്നാമൻ റീജിയണൽ പൊന്തിഫിക്കൽ സെമിനാരിയിൽ പഠിച്ച ശേഷം അദ്ദേഹം റോമിലേക്ക് താമസം മാറി.

അവിടെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ലൈസൻസ് നേടി. 1965 ൽ തിരുപട്ടം സ്വീകരിച്ചു. 1968ൽ തിരുസഭയുടെ പരമോന്നത നീതിപീഠമായ അപ്പസ്തോലിക് സിഗ്നത്തൂരയുടെ സുപ്രീം ട്രൈബ്യൂണലിലേക്ക് വിളിക്കപ്പെട്ടു.

1991 വരെ അദ്ദേഹം അവിടെ സേവനം ചെയ്തു. തുടർന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിലും സേവനം ചെയ്തു.

1994 ജൂൺ 10ന്, ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ അബ്രൂസോ മേഖലയിലെ ചിയെറ്റി-വാസ്റ്റോയുടെ ആർച്ച് ബിഷപ്പായി നിയമിച്ചു. 2004 ജനുവരി 8ന്, മെനിചെല്ലിയെ അങ്കോണ-ഒസിമോയുടെ ആർച്ച് ബിഷപ്പായി നിയമിച്ചു.

2014ലും 2015ലും ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കുടുംബത്തെക്കുറിച്ചുള്ള രണ്ട് ബിഷപ്പുമാരുടെ സിനഡുകളിൽ അംഗമായി നിയമിച്ചു. 2015 ഫെബ്രുവരിയിലെ കൺസിസ്റ്ററിയിൽ ഫ്രാൻസിസ് മാർപാപ്പ മെനിചെല്ലിയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2017 ജൂലൈയിൽ ബിഷപ്പുമാരുടെ പ്രായപരിധി എത്തിയതിനെത്തുടർന്ന് മെനിചെല്ലി രാജിവച്ചു.

കർദ്ദിനാളിന്റെ മൃതസംസ്കാര ശുശ്രൂഷ ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് സാൻ സെവേരിനോ മാർഷെയിലെ മരിയന്‍ ദേവാലയത്തില്‍ നടക്കും.
 

Tags

Share this story

From Around the Web