13-ാം നമ്പർ കാറിന് വീണ്ടും അയിത്തം, പുതിയ മന്ത്രിമാർക്കാർക്കും ഭാഗ്യമില്ലാത്ത ആ നമ്പർ വേണ്ട

 
13

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ സംസാരിക്കുമെങ്കിലും, അശുഭസൂചനയെന്ന് കരുതപ്പെടുന്ന '13'-ാം നമ്പർ കാർ ഏറ്റെടുക്കാൻ വി.ഡി. സതീശൻ മന്ത്രിസഭയിലെ ഒരംഗം പോലും ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്ന ടൂറിസം വകുപ്പ്, ഇനിയാരെങ്കിലും ഈ നമ്പർ ആവശ്യപ്പെടുമോ എന്ന കാത്തിരിപ്പിലാണ്.

കീഴ്‌വഴക്കമനുസരിച്ച് മുൻ സർക്കാർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ തന്നെയാണ് പുതിയ മന്ത്രിമാർക്കും ഒരുക്കി നൽകുന്നത്. എന്നാൽ ഇത്തവണ ഭൂരിഭാഗം മന്ത്രിമാരും തങ്ങൾക്ക് 13-ാം നമ്പർ കാർ വേണ്ടെന്ന് അധികൃതരെ മുൻകൂട്ടി അറിയിക്കുകയായിരുന്നു.

രമേശ് ചെന്നിത്തല 21-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. പിണറായി സര്‍ക്കാരിന് തൊട്ടുമുന്‍പുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും ആരും തന്നെ 13-ാം നമ്പര്‍ ഉപയോഗിച്ചിട്ടില്ല. വി എസ് സര്‍ക്കാരില്‍ എം എ ബേബി ആണ് 13-ാം നമ്പര്‍ ചോദിച്ച് വാങ്ങിയത്. 

കേരള രാഷ്ട്രീയത്തിൽ 13-ാം നമ്പർ കാറിനോടുള്ള ഭയം പുതിയതല്ല. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ആരും ഈ നമ്പർ കാർ ഉപയോഗിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇടത് സർക്കാരുകൾ ഭരിച്ചപ്പോൾ ഈ പതിവ് മാറിയിരുന്നു. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മന്ത്രി എം.എ. ബേബിയും, ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും മനഃപൂർവ്വം 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങി ഉപയോഗിച്ച് മാതൃകയായിരുന്നു. തൊട്ടടുത്ത രണ്ടാം പിണറായി സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന പി. പ്രസാദും 13-ാം നമ്പർ കാറിലാണ് യാത്ര ചെയ്തത്.

ഭരണമാറ്റത്തോടെ 13-ാം നമ്പർ ഔദ്യോഗിക കാർ വീണ്ടും ഗാരേജിൽ വിശ്രമിക്കേണ്ടി വരുമോ അതോ ഏതെങ്കിലും മന്ത്രി ഇത് ഏറ്റെടുക്കാൻ മുന്നോട്ട് വരുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags

Share this story

From Around the Web