നാലുദിവസം കാട്ടിൽകഴിഞ്ഞ കഥ വിശ്വസിക്കാനാവില്ല, പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

 
SARANYA

കുടക് : കർണാടകയിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹതയാരോപിച്ച് കര്‍ണാടക ബിജെപി. നാലുദിവസം നിബിഢവനത്തിൽ കുടുങ്ങിയശേഷം ആരോഗ്യവതിയായി തിരിച്ചെത്തിയ കഥയിൽ സംശയങ്ങൾ നിലനിൽക്കുന്നതായി ബിജെപി കുടക് ജില്ലാ കമ്മിറ്റി പരാതി നൽകി. ശരണ്യ ജനങ്ങളെ കബളിപ്പിക്കുകയും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയുമാണ് ചെയ്തതെന്ന് മടിക്കേരിയിലെ നാപോക്ലു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയായ ജി എസ് ശരണ്യ ഏപ്രിൽ 2നാണ് കുടകിലെ തടിയന്‍ഡമോളിലേക്ക് ട്രക്കിങ് ആരംഭിച്ചത്. എന്നാൽ മടങ്ങിവരുമ്പോൾ വഴിതെറ്റി കാട്ടിൽ അകപ്പെടുകയായിരുന്നു. 12 പേരടങ്ങുന്ന ഗ്രൂപ്പിനെ കണ്ടെത്താനുള്ള ശ്രമത്തിൽ നിബിഢവനത്തിനുള്ളിലേക്ക് കയറിപ്പോയ ശരണ്യ നാലുദിവസം അവിടെ കുടുങ്ങിപ്പോയി.

തൊട്ടടുത്ത അരുവിയിൽ നിന്നും ശേഖരിച്ച വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചതെന്നും രക്ഷാപ്രവർത്തനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് അവർ പ്രതികരിച്ചു. എന്നാൽ നാലു ദിവസം വെള്ളം മാത്രം കുടിച്ചു ജീവിച്ചെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും, അതിന്റെ യാതൊരു ക്ഷീണവും ശരണ്യയിൽ കാണുന്നില്ലെന്നും ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു.

Tags

Share this story

From Around the Web