രോഗശയ്യയിൽ ആയിരിക്കെ വൈദികന് രണ്ടു തവണ ദയാവധത്തിന് നിർദേശം നൽകി കനേഡിയൻ ആശുപത്രി
കാനഡയിലെ വാൻകൂവർ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാ. ലാറി ഹോളണ്ടിന് നേരിടേണ്ടി വന്ന അനുഭവം കാനഡയിലെ ദയാവധം സംബന്ധിച്ച നയങ്ങളെക്കുറിച്ച് വലിയ സംവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ക്രിസ്തുമസ് ദിനത്തിൽ ഇടുപ്പെല്ലിന് ഒടിവു പറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 79-കാരനായ വൈദികനോട്, അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതനാണെന്നും ദയാവധത്തിന് എതിരാണെന്നും അറിഞ്ഞുകൊണ്ടുതന്നെ മെഡിക്കൽ സ്റ്റാഫ് മരണത്തിനുള്ള സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. കാനഡയിൽ ‘മെഡിക്കൽ എയ്ഡ് ഇൻ ഡൈയിംഗ്’ (MAID) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രക്രിയയുടെ ധാർമ്മികതയെ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം.
ആശുപത്രിയിൽ കഴിയുന്നതിനിടെ രണ്ടുതവണയാണ് ഫാ. ഹോളണ്ടിന് ദയാവധത്തിനുള്ള നിർദേശം ലഭിച്ചത്. ആദ്യം ഒരു ഡോക്ടറാണ് ഈ വിഷയം അവതരിപ്പിച്ചത്. രോഗാവസ്ഥ മോശമാവുകയാണെങ്കിൽ ദയാവധം ഒരു പോംവഴിയാണെന്നായിരുന്നു ഡോക്ടറുടെ വാദം. എന്നാൽ താൻ മരിക്കാൻ പോകുന്ന അവസ്ഥയിലല്ലായിരുന്നിട്ടും ഇത്തരമൊരു നിർദേശം വന്നതിൽ താൻ ഞെട്ടിപ്പോയെന്ന് ഫാ. ഹോളണ്ട് വെളിപ്പെടുത്തി. താൻ ആത്മീയമായി ഇതിനോട് വിയോജിക്കുന്നു എന്ന് വ്യക്തമാക്കിയെങ്കിലും, നിലവിലുള്ള സേവനങ്ങളെക്കുറിച്ച് രോഗിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. ആഴ്ചകൾക്ക് ശേഷം കഠിനമായ വേദന അനുഭവിക്കുന്ന സമയത്ത് ഒരു നഴ്സും ഇതേ നിർദേശം ആവർത്തിച്ചു. ഇതിനെ “വ്യാജമായ കരുണ” എന്നാണ് വൈദികൻ വിശേഷിപ്പിച്ചത്.
കാനഡയിൽ ദയാവധം വഴി മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിൽ, ഈ സംഭവം വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. ഒരു വൈദികനോട് പോലും ഇത്തരത്തിൽ സംസാരിക്കുന്നത് അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് പ്രോ-ലൈഫ് ചാപ്ലിൻ ഫാ. ലാറി ലിൻ അഭിപ്രായപ്പെട്ടു. രോഗിയുടെ വിശ്വാസമോ ധാർമ്മിക ബോധ്യമോ പരിഗണിക്കാതെ ദയാവധം ഒരു ചികിത്സാ ഓപ്ഷനായി അവതരിപ്പിക്കുന്നത് രോഗികളെ മാനസികമായി തളർത്തുമെന്നും അവരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വേദനകളും കഷ്ടപ്പാടുകളും ജീവിതത്തിന്റെ ഭാഗമാണെന്നും അവ പ്രത്യാശയോടെ നേരിടണമെന്നുമാണ് ഫാ. ഹോളണ്ടിന്റെ പക്ഷം. രോഗികൾ പ്രത്യാശ കൈവിടുമ്പോഴാണ് മരണത്തിനായുള്ള ചിന്തകൾ കടന്നുവരുന്നതെന്നും, വേദനകളെ അതിജീവിക്കുന്നത് പുതിയ ജീവിതാനുഭവങ്ങളിലേക്കും ആത്മീയ വളർച്ചയിലേക്കും വഴിതുറക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. താൻ അനുഭവിച്ച ഈ സാഹചര്യം മറ്റുള്ളവർക്ക് പ്രത്യാശ നൽകാനുള്ള ഒരു പാഠമായി മാറട്ടെ എന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെക്കുന്നത്.