ഉപതെരഞ്ഞെടുപ്പ് ഭീതി; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ അയഞ്ഞ് നേതാക്കൾ

തിരുവന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാനുള്ള സാധ്യത മങ്ങുന്നു.രാജിക്ക് പകരം സസ്പെൻഷൻ അടക്കമുള്ള ആലോചനകൾക്കാണ് ഇപ്പോൾ കോൺഗ്രസിൽ മുൻ തൂക്കം.
ഉപതെരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ പിന്തിരിപ്പിക്കുന്നത്. അന്തിമതീരുമാനം ഇന്നുണ്ടായേക്കും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നു.
തുടർന്നാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ അടക്കമുള്ള നേതാക്കളുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആശയ വിനിമയം നടത്തിയത്. ഉപതെരഞ്ഞെടുപ്പ് സാധ്യത ഇല്ലാതാക്കി കൊണ്ടുള്ള തീരുമാനം വേണം എടുക്കാൻ എന്നായിരുന്നു നേതാക്കളിൽ വലിയൊരു വിഭാഗത്തിന്റെ നിർദ്ദേശം.
കെപിസിസി നിയമോപദേശം തേടിയ വിദഗ്ധരും എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളാൻ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഇതോടെ രാജി വേണമെന്ന നിലപാടെടുത്ത നേതാക്കളിൽ ചിലരടക്കം മയപ്പെട്ടു. ചില നേതാക്കൾ കേസും കോടതിവിധിയും ഒന്നുമില്ലാതെ ജനപ്രതിനിധി സ്ഥാനം രാജിവെക്കുന്നത് എന്തിനെന്ന ചോദ്യം ആവർത്തിക്കുകയും ചെയ്തു.
പിന്നാലെ എംഎൽഎ സ്ഥാനം രാജിവെക്കുന്നത് ഒഴിവാക്കി സസ്പെൻഷൻ അടക്കമുള്ള നടപടികൾ മതി എന്നതിലേക്ക് ചർച്ചകൾ എത്തി. സസ്പെൻഷൻ എന്ന തീരുമാനത്തിലും അന്തിമ ധാരണ ആയിട്ടില്ല . കേരളത്തിൽ സമവായം സൃഷ്ടിച്ച ശേഷം ഇന്ന് വൈകിട്ടോടെ ഹൈക്കമാൻ്റിന് റിപ്പോർട്ട് നൽകാനാണ് കെപിസിസി അധ്യക്ഷന്റെ ശ്രമം.