ബ്രൗൺ യൂണിവേഴ്‌സിറ്റിയിലും എംഐടിയിലും നടന്ന വെടിവയ്പ്പ്: ഗ്രീൻ കാർഡ് ലോട്ടറി നിർത്തിവച്ച് ട്രംപ്

 
TRUMP

ബ്രൗൺ യൂണിവേഴ്‌സിറ്റിയിലും എംഐടിയിലും നടന്ന വെടിവയ്പ്പുകളെ തുടർന്ന് ഗ്രീൻ കാർഡ് ലോട്ടറി പരിപാടി നിർത്തിവച്ച് ഡൊണാൾഡ് ട്രംപ്. വെടിവയ്പ്പു കേസിലെ പ്രതി അമേരിക്കയിലേക്ക് എത്തിയത് ഗ്രീൻ കാർഡ് ലോട്ടറിയിലൂടെയായിരുന്നു. ഇതിനെ തുടർന്നാണ് ഗ്രീൻ കാർഡ് ലോട്ടറി വിസ താൽക്കാലികമായി നിർത്തലാക്കുവാനുള്ള തീരുമാനം.

ട്രംപിൻ്റെ നിർദേശ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനോട് പരിപാടി താൽക്കാലികമായി നിർത്താൻ ഉത്തരവിടുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ ക്രൂരനായ വ്യക്തിയെ നമ്മുടെ രാജ്യത്ത് ഒരിക്കലും അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും അവർ എക്സ് പോസ്റ്റിൽ കുറിച്ചു.

ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ രണ്ട് വിദ്യാർഥികളുടെ മരണത്തിനും ഒമ്പത് പേർക്ക് പരിക്കേറ്റതിനും കാരണമായ വെടിവയ്പ്പിലെ പ്രതി പോർച്ചുഗീസ് പൗരനായ ക്ലോഡിയോ നെവസ് വാലൻ്റേനാണ് എന്നാണ് നിഗമനം. ഇയാളെ പിന്നീട് വ്യാഴാഴ്ച വൈകുന്നേരം സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2017ലാണ് നെവസ് വാലൻ്റേ യുഎസിൽ സ്ഥിര താമസ പദവി നേടിയത്.

Tags

Share this story

From Around the Web