വത്തിക്കാനിൽ അദ്ഭുതമായി സ്പെയിനിൽ നിന്നുള്ള വെങ്കലമണി; ആശീർവദിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

 
23333

വത്തിക്കാനിലെ വിഖ്യാതമായ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനെ സാക്ഷിനിർത്തി, സ്പെയിനിലെ വലൻസിയയിൽ നിന്ന് എത്തിച്ച 1,500 കിലോ തൂക്കമുള്ള കൂറ്റൻ വെങ്കലമണി ലെയോ പതിനാലാമൻ മാർപാപ്പ ആശിർവദിച്ചു. വലൻസിയയിലെ പ്രശസ്തമായ ‘സെന്റ് നിക്കോളാസ് ഓഫ് ബാരി ആൻഡ് സെന്റ് പീറ്റർ മാർട്ടിർ’ ഇടവകയും വത്തിക്കാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രബന്ധം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അസാധാരണ ദൗത്യം സംഘടിപ്പിച്ചത്. കപ്പൽമാർഗം ഇറ്റലിയിലെത്തിച്ച മണി, ഒരു ക്രെയിൻ ട്രക്കിന്റെ സഹായത്തോടെയാണ് പൊതുസദസ്സിനു ശേഷം മാർപാപ്പയ്ക്കു മുന്നിലെത്തിച്ചത്. വലൻസിയയിൽ നിന്നുള്ള നൂറുകണക്കിന് തീർഥാടകരും ഈ സവിശേഷ ചടങ്ങിൽ പങ്കെടുത്തു.

പതിനഞ്ചാം നൂറ്റാണ്ട് മുതൽ നിലനിൽക്കുന്ന സവിശേഷമായ ഒരു കത്തോലിക്കാ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ഈ സംഭവം. 1455 ൽ ഈ ഇടവകയുടെ റെക്ടറായിരുന്ന അൽഫോൻസോ ഡി ബോർജ, ‘കലിക്സ്റ്റസ് മൂന്നാമൻ’ എന്ന പേരിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, പള്ളിയുടെ മുഖ്യ റെക്ടർ പദവി എപ്പോഴും റോമൻ മാർപാപ്പയ്ക്കായിരിക്കുമെന്ന് അദ്ദേഹം നിശ്ചയിച്ചിരുന്നു. ഈ പാരമ്പര്യം പിന്തുടർന്ന്, നിലവിലെ മാർപാപ്പയായ ലെയോ പതിനാലാമനാണ് ഇപ്പോഴും ഈ പള്ളിയുടെ മുഖ്യ റെക്ടർ. തങ്ങളുടെ റെക്ടറോടുള്ള ആദരസൂചകമായി, പുതിയ മണിയിൽ മാർപാപ്പയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യമായ ‘അവൻ ഒന്നായിരിക്കുന്നതുപോലെ നാമും ഒന്നാണ്’ എന്നും കൊത്തിവച്ചിട്ടുണ്ട്.

1948 ൽ സ്ഥാപിച്ചതും ‘ലാ ഗ്രാൻ’ എന്നറിയപ്പെട്ടിരുന്നതുമായ പഴയ മണിക്ക് ഗുരുതരമായ വിള്ളൽ വീണതിനെത്തുടർന്നാണ് പുതിയൊരെണ്ണം നിർമ്മിക്കാൻ ഇടവക തീരുമാനിച്ചത്. സ്പെയിനിലെ സാന്താന്ദറിലുള്ള പ്രശസ്തമായ ആബേൽ പോർട്ടില്ല ശിൽപശാലയിൽ ‘ലോസ്റ്റ്-വാക്സ് കാസ്റ്റിംഗ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 1,340 മില്ലിമീറ്റർ വ്യാസമുള്ള ഈ പുതിയ മണി കൈ കൊണ്ട് വാർത്തെടുത്തത്. 1936 ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ തകർക്കപ്പെട്ട പള്ളിയിലെ ആദ്യത്തെ ബറോക്ക് ശൈലിയിലുള്ള മണിയുടെ അതേ നാദവും ഗാംഭീര്യവും തിരികെ കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുമെന്നാണ് ശിൽപികൾ പ്രതീക്ഷിക്കുന്നത്.

മനോഹരമായ ചുവർച്ചിത്രങ്ങളാൽ സമൃദ്ധമായതും ‘വലൻസിയൻ സിസ്റ്റൈൻ ചാപ്പൽ’ എന്ന് വിളിക്കപ്പെടുന്നതുമായ സാൻ നിക്കോളാസ് പള്ളി, വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പൽ പുനരുദ്ധരിച്ച അതേ ഇറ്റാലിയൻ വിദഗ്ദ്ധൻ ജിയാൻലൂജി കൊലാലൂച്ചിയുടെ മേൽനോട്ടത്തിലാണ് പുതുക്കിപ്പണിതത്. വത്തിക്കാനിലെ പവിത്രമായ ചടങ്ങുകൾക്കു ശേഷം, ഈ കൂറ്റൻ മണി പള്ളിയിലെ ഗോപുരത്തിൽ സ്ഥാപിക്കുന്നതിനായി തിരികെ സ്പെയിനിലേക്കു കൊണ്ടുപോയി. ചരിത്രപരമായ  ഈ യാത്ര തങ്ങളുടെ സാംസ്കാരികവും മതപരവുമായ പൈതൃകത്തിന്റെ വീണ്ടെടുപ്പാണെന്ന് ഇടവക അധികൃതർ വ്യക്തമാക്കി.

Tags

Share this story

From Around the Web