16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണോ എന്ന് മാതാപിതാക്കളോട് ബ്രിട്ടൺ
16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തണോ എന്ന കാര്യത്തിൽ പൊതുജനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്ന് അഭിപ്രായം തേടി യുകെ സർക്കാർ. കുട്ടികളുടെ മാനസികാരോഗ്യം, ഉറക്കം, ഏകാഗ്രത എന്നിവയെ സോഷ്യൽ മീഡിയ ദോഷകരമായി ബാധിക്കുന്നു എന്ന ആശങ്കയെത്തുടർന്നാണ് ഗവൺമെന്റിന്റെ ഈ ആശയം. അതുപോലെതന്നെ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടുകളിലും സാധ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ഡിസംബറിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ നിരോധനം ഏർപ്പെടുത്തിയ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള മറ്റ് സർക്കാരുകളും സമാനമായ നീക്കങ്ങൾ നടത്തുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് തന്റെ ഭരണകൂടം മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ‘ഓൺലൈൻ സേഫ്റ്റി ആക്ട്’ കൂടുതൽ ശക്തമാക്കാൻ സർക്കാർ ശ്രമിക്കുന്നത്.
തിങ്കളാഴ്ച ആരംഭിക്കുന്ന മൂന്നുമാസത്തെ കൂടിയാലോചനയിൽ, സോഷ്യൽ മീഡിയയ്ക്കുള്ള സാധ്യമായ ഏറ്റവും കുറഞ്ഞ പ്രായം മുതൽ ആസക്തി ഉളവാക്കുന്ന ഡിസൈൻ സവിശേഷതകൾ നിരോധിക്കൽ, 16 വയസ്സിൽ താഴെയുള്ളവർക്കുള്ള രാത്രികാല കർഫ്യൂ എന്നിവ വരെയുള്ള നടപടികൾ പരിശോധിക്കും.
“കുട്ടികൾക്ക് എപ്പോൾ ഫോൺ നൽകണം, അവർ ഓൺലൈനിൽ എന്താണ് കാണുന്നത് എന്ന കാര്യത്തിൽ മാതാപിതാക്കൾ വലിയ ആശങ്കയിലാണ്. ഓരോ മൂന്ന് കുട്ടികളിലും ഒരാൾ വീതം ഓൺലൈൻ പീഡനത്തിനോ, അശ്ലീല ഉള്ളടക്കങ്ങൾക്കോ ഇരയാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്” എന്ന് സങ്കേതികവിദ്യാ മന്ത്രി ലിസ് കെൻഡൽ മുന്നറിയിപ്പായി പറഞ്ഞു.