ബോണ്ടി ബീച്ച് കൂട്ട വെടിവയ്പ്പ്: പ്രചോദനം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പെന്ന് ഓസ്‌ട്രേലിയൻ പൊലീസ്
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പ്രചോദനമായത് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പെന്ന് ഓസ്‌ട്രേലിയൻ പോലീസ് പറഞ്ഞു. “ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഭീകരാക്രമണമാണെന്ന്” ഓസ്‌ട്രേലിയയുടെ ഫെഡറൽ പൊലീസ് കമ്മീഷണർ ക്രിസ്സി ബാരറ്റ് ചൊവ്വാഴ്ച വ്യക്തമാക്കി.
ചൊവ്വാഴ്ച രാഷ്ട്രീയ, നിയമ നിർവ്വഹണ നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതേ കുറിച്ചുള്ള കാര്യങ്ങൾ പൊലീസ് സ്ഥിരീകരിച്ചത്. “പിടിച്ചെടുത്ത വാഹനത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് പതാകകളുടെ സാന്നിധ്യം” ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ പരാമർശങ്ങൾ നടത്തിയതെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.
സിഡ്‌നി ബീച്ചിന് സമീപം കണ്ടെത്തിയ വാഹനം മകന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതിൽ സ്ഫോടകവസ്തുക്കൾക്ക് പുറമേ ഐസിസ് പതാകകളും ഉണ്ടായിരുന്നതായും ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞായറാഴ്ചയുണ്ടായ വെടിവയ്പ്പിൽ 25 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. അതിൽ 10 പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറയയുന്നു. ഇവരിൽ മൂന്ന് പേർ കുട്ടികളാണെന്നും അവർ കൂട്ടിച്ചേർത്തു.