ബിജെപിയിലെ എയിംസ് തർക്കം: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന പ്രസ്താവനയിൽ സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി

തിരുവനന്തപുരം: ബിജെപിയിലെ എയിംസ് തർക്കത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ നിലപാടിനെതിരെയാണ് സംസ്ഥാന നേതൃത്വം പരാതി അറിയിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ദേശീയ നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു.
സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെ സുരേഷ് ഗോപി പരസ്യ പ്രസ്താവന നടത്തുന്നു എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പ്രധാന പരാതി. കഴിഞ്ഞ ദിവസമാണ് എയിംസിനുള്ള അർഹത ആലപ്പുഴയ്ക്കാണെന്ന പ്രസ്താവന സുരേഷ് ഗോപി നടത്തിയത്.
ആലപ്പുഴയ്ക്കല്ലെങ്കിൽ തൃശൂരിന് ആവണം എയിംസെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വവുമായി ആലോചിച്ചല്ല കേന്ദ്ര മന്ത്രിയുടെ ഈ പ്രസ്താവന. ഇത്തരത്തിൽ പല നിലപാടുകളും സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് സുരേഷ് ഗോപി സ്വീകരിക്കുന്നതെന്നാണ് പരാതി.
സുരേഷ് ഗോപിയുടെ പരസ്യനിലപാടുകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ കാണാനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണുന്ന രാജീവ് ചന്ദ്രശേഖർ സുരേഷ് ഗോപിയെ അടക്കി നിർത്താൻ ആവശ്യപ്പെടുമെന്നാണ് വിവരം.
ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്നുണ്ട്. 27 ന് കൊല്ലത്തെത്തുന്ന കേന്ദ്ര ആരോഗ്യ മന്ത്രി കൂടിയായ ജെ.പി. നദ്ദ എയിംസിൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വത്തിൻ്റെ അന്തിമ നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്.