ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ രാജ്യസഭയിലേക്ക്; കേന്ദ്രം കേരളത്തോട് കാണിക്കുന്ന താൽപ്പര്യത്തിൻ്റെ ആവിഷ്കാരമെന്ന് ആദ്യ പ്രതികരണം

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. കണ്ണൂരിലെ പ്രമുഖ ആർഎസ്എസ് നേതാവ് കൂടിയാണ് സദാനന്ദൻ. സിപിഐഎം-ആർഎസ്എസ് സംഘർഷത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ടിരുന്നു. കെ. സുരേന്ദ്രനെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് സദാനന്ദൻ മാസ്റ്റർക്ക് നറുക്ക് വീണത്.
പാർട്ടി തന്ന അംഗീകാരമാണിതെന്നും കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന താൽപ്പര്യത്തിൻ്റെ ആവിഷ്കാരമാണിതെന്നും സി. സദാനന്ദൻ പ്രതികരിച്ചു. പ്രധാനമന്ത്രി രണ്ട് ദിവസം മുൻപ് സൂചന നൽകിയിരുന്നുവെന്നും ഇന്ന് സംസ്ഥാന അധ്യക്ഷൻ നേരിട്ട് വിവരം അറിയിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ പ്രതിസന്ധി നേരിട്ട് പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർക്കുള്ള അംഗീകാരമാണിത്. കേരളത്തിലെ ജനങ്ങളോടുള്ള പാർട്ടിയുടെ കരുതലാണ് വ്യക്തമാകുന്നത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം അംഗീകാരമായി കരുതുന്നുവെന്നും സദാനന്ദൻ പറഞ്ഞു.
1994 ജനുവരി 25ന് രാത്രി 8.30ന് ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കവെ റോഡിൽ തള്ളിയിട്ട് രണ്ട് കാലുകളും വെട്ടിമാറ്റുകയായിരുന്നു. ആർഎസ്എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നപ്പോഴായിരുന്നു ഈ ആക്രമണം. ഇതിന്റെ പ്രതികാരമായിരുന്നു എസ്എഫ്‌ഐ നേതാവ് കെ.വി. സുധീഷ് കൊലപാതകം. മുപ്പതാമത്തെ വയസ്സിലാണ് രണ്ട് കാലുകളും നഷ്ടമാക്കുന്നത്.
ഒരു ഇടതുപക്ഷ കുടുംബത്തിലാണ് ജനനം. വിരമിച്ച അധ്യാപകനായിരുന്ന അച്ഛൻ കുഞ്ഞിരാമൻ നമ്പ്യാർ ഇടതുപക്ഷ അനുഭാവിയായിരുന്നു. മൂത്ത സഹോദരനും അന്ന് സജീവ സിപിഐ (എം) പ്രവർത്തകനായിരുന്നു. 1999 മുതൽ തൃശൂരിലെ പേരാമംഗലം ശ്രീ ദുർഗ്ഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകനാണ്.
നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ്റെ കേരള സംസ്ഥാന വൈസ് പ്രസിഡന്റ്, അതിന്റെ മുഖപത്രമായ 'ദേശീയ അധ്യാപക വാർത്ത'യുടെ എഡിറ്റർ, ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ സജീവ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.