മതമോ വോട്ടോ പണമോ നോക്കിയിട്ടല്ല ബിജെപി കന്യാസ്ത്രീ വിഷയത്തിൽ ഇടപെടുന്നത്: രാജീവ് ചന്ദ്രശേഖർ

തൃശൂർ: മതമോ വോട്ടോ പണമോ നോക്കിയിട്ടല്ല ബിജെപി കന്യാസ്ത്രീ വിഷയത്തിൽ ഇടപെടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ അതിരൂപത അധ്യക്ഷൻ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
പ്രശ്നം പരിഹരിക്കാൻ ഇടപെടൽ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതിൽ രാഷ്ട്രീയം കാണരുത്. ജനങ്ങളെ സഹായിക്കാൻ രാഷ്ട്രീയമോ മതമോ ബിജെപി നോക്കില്ല. അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടർന്നായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഛത്തീസ്ഗഡിൽ മതപരിവർത്തനത്തിനെതിരെ നേരത്തെ നിയമം ഉണ്ട്. നിയമം പാലിക്കണമെന്നാണ് അവിടെയുള്ള സർക്കാർ ആഗ്രഹിക്കുന്നത്. പെൺകുട്ടികൾ ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിൽ പോകണമെങ്കിൽ പോലും പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അത് നടന്നില്ല. ഛത്തീസ്ഗഡ് സർക്കാർ ജാമ്യത്തെ എതിർക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. വേഗത്തിൽ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അറസ്റ്റിൽ വേദനയും അമർഷവും ഉണ്ടെന്നും, എത്രയും വേഗം കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.