ബിജെപി ദേശീയ നിർവാഹക സമിതിയംഗം കെ.എ ബാഹുലേയൻ സിപിഎമ്മിലേക്ക്

തിരുവനന്തപുരം: ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ.എ ബാഹുലേയൻ സിപിഎമ്മിലേക്ക്. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ മാത്രം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ബാഹുലേയൻ ബിജെപി വിട്ടിരുന്നു. ഇന്ന് വൈകിട്ട് ബാഹുലേയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കാണും.
എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബാഹുലേയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാഹുലേയൻ രാജി പ്രഖ്യാപനം നടത്തിയത്. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ന് സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെയും മന്ത്രി വി.ശിവന്‍കുട്ടിയെയും ബാഹുലേയന്‍ കണ്ടിരുന്നു. വൈകിട്ട് എം.വി ഗോവിന്ദനെ കണ്ട് സിപിഎമ്മില്‍ ചേരാനുള്ള ആഗ്രഹം അറിയിക്കും. ഗുരുവിന്‍റെ ആശയങ്ങളുമായി ചേര്‍ന്ന് പോകുന്ന പ്രസ്ഥാനം സിപിഎമ്മാണെന്നും അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.