എളിമയോടെ സേവനം ചെയ്യാനും ക്രിസ്തുവിന്റെ മാതൃകയിൽ ജീവിക്കാനും വിളിക്കപ്പെട്ടവരാണ് ബിഷപ്പുമാർ: ബിഷപ്പുമാരുടെ രൂപീകരണ വേളയിൽ പാപ്പ

എളിമയോടെ സേവനം ചെയ്യാനും ക്രിസ്തുവിന്റെ മാതൃകയിൽ ജീവിക്കാനുമാണ് മെത്രാന്മാർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെട്ടവർക്കായി വത്തിക്കാനിൽ നടന്ന പ്രത്യേക പരിശീലനപരിപാടിയിൽ പങ്കെടുത്ത ഇരുന്നൂറോളം പേരെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
“നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മെത്രാഭിഷേകമെന്ന കൃപ നിങ്ങൾക്കുവേണ്ടിയുള്ളതല്ല, മറിച്ച് സുവിശേഷവേലയ്ക്കായി ശുശ്രൂഷ ചെയ്യാനുള്ളതാണ്. കർത്താവിന്റെ അപ്പസ്തോലന്മാരെപ്പോലെയും വിശ്വാസത്തിന്റെ ദാസന്മാരെന്ന നിലയിലും അയക്കപ്പെടുവാനായാണ് നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മെത്രാന്മാർ നൽകുന്ന ശുശ്രൂഷയും സേവനങ്ങളും ബാഹ്യമായ പ്രവർത്തികളിൽ മാത്രം ഒതുങ്ങുന്നതല്ല.
അപ്പസ്തോലന്മാരെപ്പോലെ, ആന്തരികമായ സ്വാതന്ത്ര്യത്തിലേക്കും ആത്മാവിലുള്ള ദാരിദ്ര്യത്തിലേക്കും, സ്നേഹാധിഷ്ഠിതമായ ശുശ്രൂഷയിലേക്കുമുള്ള വിളിയാണ് നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്,” പാപ്പ ഉദ്‌ബോധിപ്പിച്ചു.
താനുമായുള്ള പ്രത്യേക ഐക്യത്തിനായി ദൈവം നമ്മെ ക്ഷണിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പ, പൈതൃകമായ സ്നേഹത്തോടെ നമുക്കരികിലേക്ക് വരുന്ന ക്രിസ്തുവിന്റെ ജീവിതമാതൃകയനുസരിച്ച് ജീവിക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് കൂട്ടിച്ചേർത്തു.
വിശ്വാസജീവിതപ്രതിസന്ധികളും, പ്രായോഗിക സഭാജീവിതത്തിലെ ബുദ്ധിമുട്ടുകളും നേരിടുന്ന സാധാരണ ജനം, സഭയുടെ വാതിലുകളിലെത്തി മുട്ടിവിളിക്കുമ്പോൾ മെത്രാന്മാർ ആ വിശ്വാസിസമൂഹത്തെ സ്വീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കാണിക്കണം. വൈദികർക്കും വിശ്വാസത്തിൽ സഹോദരീസഹോദരന്മാരായവർക്കും ഇടയനടുത്ത രീതിയിൽ മാർഗനിർദേശം നൽകുകയും മെത്രാന്മാർ അവരെ തങ്ങൾക്കൊപ്പം വിശ്വാസയാത്രയിൽ പങ്കുചേർക്കണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.