വിന്റേജ് സുന്ദരിമാർ സൂക്ഷിക്കുക, ഗൂഗിൾ ജെമിനി പണി തരും ; മുന്നറിയിപ്പ്

 
222

എ ഐ യുടെ വളർച്ചയോടെ ഒരു ഫോട്ടോ നൽകിയാൽ അതിനെ ഏത് രൂപത്തിലേക്കും മാറ്റിയെടുക്കാൻ ഇപ്പോൾ അധികം സമയം ഒന്നും വേണ്ട. ഇങ്ങനെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ചില ട്രെൻഡുകൾ എത്തുകയും നമ്മളെല്ലാം അതിന് പിന്നാലെ പോകാറുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത് ഗൂഗിൾ ജെമിനിയുടെ ബനാന എ ഐ സാരി ട്രെൻഡാണ്. ട്രെൻഡ് എത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വിന്റേജ് സുന്ദരിമാരുടെ തിക്കും തിരക്കുമാണ്. സുന്ദരിമാർ മാത്രമല്ല സുന്ദരന്മാരും ട്രെന്റിന് ഒപ്പമുണ്ട്.

ജെമിനി ആപ്പ് ഉപയോഗിച്ചാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഒരു ഫോട്ടോയും പ്രോംപ്റ്റും നൽകിയാൽ വിന്റേജ് ലുക്ക്, പരമ്പരാഗത ബ്രൈഡൽ ലുക്ക്, ബോളിവുഡ് സ്റ്റൈൽ അങ്ങനെ ഏത് സ്റ്റൈൽ വേണമെങ്കിലും നിർമ്മിച്ച് തരും. എന്നാൽ ഫോട്ടോസ് ഒക്കെ കണ്ടും, പോസ്റ്റ് ചെയ്തും സന്തോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസും സൈബർ വിദഗ്ധരും എത്തിയിട്ടുണ്ട്.

ഉപയോക്താക്കൾ അവരുടെ സ്വകാര്യത, ഐഡന്റിറ്റി എന്നിവ സംരക്ഷിക്കുന്നതിനും , ഡിജിറ്റൽ എക്സ്പോഷർ തടയുന്നതിനും വ്യക്തിഗത ഫോട്ടോകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും, ഉപയോക്താക്കൾ അവരുടെ ബയോമെട്രിക്ക് ഡാറ്റ നൽകുന്നതിനാൽ സുരക്ഷ പ്രശ്ങ്ങൾ ഉണ്ടായേക്കാമെന്നും വിദഗ്ധർ പറയുന്നു.

ബനാന ട്രെൻഡിൽ സുരക്ഷാ വീഴ്ച ഉണ്ടെന്നും , ചിത്രവും പ്രോംപ്റ്റും നൽകിയപ്പോൾ തിരികെ ലഭിച്ച ചിത്രം കണ്ട് ഞെട്ടിയെന്നും ചൂണ്ടിക്കാട്ടി ഝലക്ഭവാനി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയും ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുമുണ്ട്. താൻ നൽകിയ ചിത്രത്തിൽ മറുക് ഉണ്ടായിരുന്നില്ലെന്നും , തന്റെ ശരീരത്തിലുള്ള മറുക് ജെമിനി എങ്ങനെ അറിഞ്ഞെന്നുമുള്ള യുവതിയുടെ ചോദ്യം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്‌തതിന്‌ പിന്നാലെ വലിയ പ്രതികരണങ്ങളാണ് ഇതിന് ലഭിക്കുന്നത്. പലർക്കും ഇതേ അനുഭവം ഉണ്ടായെന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് അടിയിൽ പ്രത്യക്ഷപെട്ടു.

Tags

Share this story

From Around the Web