മാർപാപ്പയെ സന്ദർശിച്ച് പ്രത്യാശയ്ക്കും ഐക്യത്തിനും വേണ്ടി അഭ്യർഥിച്ച് ബെത്‌ലഹേം മേയർ

ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് പ്രത്യാശയ്ക്കും ഐക്യത്തിനും വേണ്ടി അഭ്യർഥന നടത്തി ബെത്‌ലഹേമിൽ പുതുതായി നിയമിതനായ മേയർ മഹർ നിക്കോള കനാവതി. യുദ്ധം അവസാനിപ്പിക്കാനും വിശുദ്ധനാട്ടിൽ ക്രിസ്ത്യൻ സാന്നിധ്യം സംരക്ഷിക്കാനും പാപ്പയുടെ പിന്തുണ അദ്ദേഹം അഭ്യർഥിച്ചു.
“യഥാർഥത്തിൽ, ബെത്‌ലഹേമിന്റെ മേയറായി ഞാൻ സ്ഥാനമേറ്റപ്പോൾ എഴുതിയ ആദ്യകത്ത് പോപ്പിനുള്ളതായിരുന്നു. കാരണം, ഇവിടെനിന്ന് നമുക്ക് നിരവധി കാര്യങ്ങൾ ചെയ്യാനും നമ്മുടെ ജനങ്ങളെ പിന്തുണയ്ക്കാനും കഴിയുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർക്ക് പ്രത്യാശ നൽകുക എന്നതാണ്” – അദ്ദേഹം പറഞ്ഞു.
കുടിയേറ്റം ബെത്‌ലഹേമിനെയും മറ്റു പലസ്തീൻ നഗരങ്ങളെയും ഇല്ലാതാക്കുന്നതു തുടരുകയാണെന്നും വിശുദ്ധനാട്ടിലെ ക്രൈസ്തവസാന്നിധ്യം ഇല്ലാതാക്കുന്നുവെന്നും മേയർ വെളിപ്പെടുത്തി. ബെത്‌ലഹേമിലെ ക്രൈസ്തവർ സമ്മർദത്തിലാണ്. ബെത്‌ലഹേം മുമ്പ് 37 ചതുരശ്ര കിലോമീറ്റർ ആയിരുന്നു.
ഇപ്പോൾ പിടിച്ചെടുക്കൽ, കുടിയേറ്റങ്ങൾ, ബെത്‌ലഹേമിനെ ജറുസലേമിൽ നിന്നു വേർതിരിക്കുന്ന മതിൽ എന്നിവയ്ക്കു ശേഷം, ബെത്‌ലഹേമിലെ പലസ്തീൻ ക്രിസ്ത്യാനികളുടെ എണ്ണം കുറയുകയാണ്. പലസ്തീൻ ക്രൈസ്തവർ ഇപ്പോൾ വിശുദ്ധനാട്ടിൽ 1,68,000 പേർ മാത്രമേയുള്ളൂ. അതേസമയം ലോകമെമ്പാടും നാലുദശലക്ഷത്തിലധികം പലസ്തീൻ ക്രൈസ്തവരുണ്ട്. ക്രൈസ്തവരുടെമേൽ എത്രമാത്രം സമ്മർദമുണ്ട് എന്നതിന് വ്യക്തമായ ഉദാഹരണമാണിത്” – മേയർ കൂട്ടിച്ചേർത്തു.