കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം, കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

 
benny

കോട്ടയം: പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരമേൽക്കുകയും വകുപ്പ് വിഭജനം പൂർത്തിയാകുകയും ചെയ്തതിന് പിന്നാലെ, കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നിർണ്ണായക ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയൊരു അമരക്കാരനെ കണ്ടെത്തേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്.

മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ രണ്ടുപേരും പുതിയ മന്ത്രിസഭയിൽ മന്ത്രിമാരായി ചുമതലയേറ്റ പശ്ചാത്തലത്തിൽ, കെപിസിസി നേതൃത്വത്തിൽ വലിയ തോതിലുള്ള അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് ഇപ്പോൾ ഒരുങ്ങുന്നത്. പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും (ഡിസിസി) വൻ മാറ്റങ്ങളുണ്ടാകും.

സാമൂഹിക-സമുദായ സന്തുലനവും പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുകയെന്നത് ഹൈക്കമാൻഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. നിലവിൽ പുറത്തുവരുന്ന സൂചനകൾ പ്രകാരം മുതിർന്ന നേതാവും എംപിയുമായ ബെന്നി ബഹനാനാണ് ഈ പദവിയിലേക്ക് ഏറ്റവും മുൻഗണനയുള്ളത്.

മുൻപ് യുഡിഎഫ് കൺവീനർ, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും മികച്ച വ്യക്തിബന്ധമാണുള്ളത്. പാർട്ടിയെ സമവായത്തോടെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
\
മുൻപ് 'എ' ഗ്രൂപ്പിന്റെ ശക്തനായ വക്താവും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന അദ്ദേഹത്തിന് കെ.സി. വേണുഗോപാലിന്റെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാക്കോബായ സമുദായംഗം എന്ന നിലയിൽ സാമുദായിക സമവാക്യങ്ങളും അദ്ദേഹത്തിന് അനുകൂലമാണ്.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഭരണരംഗത്ത് സജീവമാകുമ്പോൾ, സംഘടനയെ ശക്തമായി നയിക്കാൻ പരിചയസമ്പന്നനായ ഒരു നേതാവ് വേണമെന്ന പാർട്ടിയിലെ പൊതുവികാരമാണ് ബെന്നി ബഹനാനിലേക്ക് ചർച്ചകളെ എത്തിക്കുന്നത്. വരും ദിവസങ്ങളിൽ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകുക.

Tags

Share this story

From Around the Web