നേതാവിന്റെ വിധവ ആയത് കൊണ്ട് ജനപ്രതിനിധി ആയി, നിങ്ങള്‍ എംഎല്‍എയാണെന്ന് നോക്കില്ല, ഉമാ തോമസിനെതിരെ സൈബർ ആക്രമണം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎൽഎക്ക് നേരെ സൈബർ ആക്രമണം. അടുത്ത തവണ വീട്ടിൽ ഇരുത്തണമെന്നും പരിക്കേറ്റപ്പോൾ രക്ഷപ്പെടണമെന്ന പ്രാർഥന തെറ്റായിരുന്നു എന്നുൾപ്പെടെയുള്ളയാണ് അധിക്ഷേപം. മേലനങ്ങാതെ എംഎൽഎ ആയതിൻ്റെ കുഴപ്പമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ കമന്റുകളുണ്ട്.
‘ പി ടി തോമസിന്റെ മരണത്തെ തുടർന്ന് എംഎൽഎ ആയ ആളാണ് ” ഏന് സൂചിപ്പിക്കുന്നതു മുതൽ , രാഷ്‌ട്രീയത്തിൽ താങ്കൾക്ക് വിവരമില്ലെ’ന്നുള്ള പ്രതികരണങ്ങൾ വരെയുണ്ട്. രാഹുലിനെതിരെ പറഞ്ഞാല്‍ എംഎല്‍എയാണെന്ന് നോക്കില്ലെന്നാണ് വേറൊരു കമന്‍റ്. നന്ദി കാണിച്ചില്ലെങ്കിലും ‘പിന്നിൽ നിന്ന് കുത്തരുത്, അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോണം’ എന്നടക്കമുള്ള ഭീഷണി കമന്റുകളും ഉയരുന്നുണ്ട്. അതേസമയം വ്യക്തി അധിക്ഷേപം നടത്തുന്ന ധാരാളം കമന്‍റുകളും ഉമാ തോമസിനെതിരെ രാഹുൽ ഷാഫി ഫാന്സിന്റെതായി സൈബർ ഇടത്തിൽ വരുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന പ്രതികരണങ്ങളും ഈ കമന്റുകളിലുണ്ട്.
ഉമാ തോമസ് എംഎൽഎയെ അനുകൂലിച്ചുള്ള നിലപാടുകളും പാർട്ടിയിലെ വാക്പോര് മുതലെടുത്തുകൊണ്ടുള്ള പ്രതികരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ഒരു നിമിഷം പോലും വൈകരുതെന്നായിരുന്നു ഉമാ തോമസിൻ്റെ പ്രതികരണം.