നന്മയും നീതിയും തിരഞ്ഞെടുക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കുക: വത്തിക്കാൻ പൊലീസുകാരോട് പാപ്പ

നന്മയും നീതിയും തിരഞ്ഞെടുക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കാൻ വത്തിക്കാൻ സിറ്റി സ്റ്റേറ്റിലെ പൊലീസുകാരോട് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. അതോടൊപ്പം പരിശുദ്ധ സിംഹാസനത്തെ വിശ്വസ്തതയോടെ സേവിക്കുന്നതിൽ അവർ കാണിച്ച ധൈര്യത്തിനും സന്നദ്ധതയ്ക്കും പാപ്പ പൊലീസുകാരോട് നന്ദി പറഞ്ഞു.
ഇറ്റാലിയൻ സ്റ്റേറ്റ് പൊലീസിന്റെയും വത്തിക്കാൻ സിറ്റി പൊലീസിന്റെയും രക്ഷാധികാരികളാണ് മുഖ്യദൂതന്മാരായ മിഖായേൽ, റഫായേൽ, ഗബ്രിയേൽ എന്നിവർ. സെപ്റ്റംബർ 29 ന് ആണ് പ്രധാന മാലാഖാമാരുടെ തിരുനാൾ ആഘോഷിക്കുന്നത്. അതിന്റെ സ്മരണയ്ക്കായി ഒക്ടോബർ അഞ്ചിന് വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ പരിശുദ്ധ പിതാവ് ദിവ്യബലി അർപ്പിച്ചു.
“നമ്മുടെ പ്രവൃത്തികൾക്ക് അർഥം നൽകുന്നത് യേശുസാക്ഷ്യമാണ്. നിങ്ങളുടേത് വെറുമൊരു തൊഴിൽ മാത്രമല്ല. അത് സഭയുടെ നന്മയ്ക്കുവേണ്ടിയുള്ള ഒരു സേവനമാണ്. വാസ്തവത്തിൽ, നിങ്ങളുടെ ദൈനംദിന പ്രവൃത്തി സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നു. അതിനാൽ, നിങ്ങൾക്ക് നൽകാൻ കഴിയുന്ന മാതൃകയെക്കുറിച്ച് ഒരിക്കലും ലജ്ജിക്കരുത്.” ‘നമ്മുടെ കർത്താവിനു സാക്ഷ്യം വഹിക്കാൻ ലജ്ജിക്കരുത്’ വിശുദ്ധ പൗലോസ് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനത്തിലെ വാക്കുകളെ അനുസ്മരിച്ചുകൊണ്ട്, പാപ്പ പറഞ്ഞു.
“വിവേകപൂർണ്ണവും ആത്മവിശ്വാസമുള്ളതുമായ സാന്നിധ്യം വാക്കുകളിലൂടെ മാത്രമല്ല നൽകാൻ കഴിയുന്നത്. മറിച്ച് ശ്രദ്ധയോടെയുള്ള ഒരു നോട്ടത്തിലൂടെയും, ചുറ്റുമുള്ള ഓരോ വ്യക്തിയെയും സംരക്ഷിക്കുന്ന കരുതലിന്റെ പ്രവർത്തിയിലൂടെയും ആണ്. അപ്രകാരം, നമുക്ക് സുവിശേഷ ശൈലി പ്രകടിപ്പിക്കാൻ കഴിയും,” പാപ്പ വത്തിക്കാൻ സിറ്റി പൊലീസുകാരെ ഓർമ്മിപ്പിച്ചു.