കരുത്തുകാട്ടി ബാഹുബലി, അമേരിക്കന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; വഹിച്ചത് ഏറ്റവും ഭാരമേറിയ പേലോഡ്

 
333

ന്യൂഡല്‍ഹി: ഇന്ത്യയുടെ കരുത്തുറ്റ 'ബാഹുബലി' റോക്കറ്റ് ചരിത്രം സൃഷ്ടിച്ചു. ഐഎസ്ആര്‍ഒയുടെ ഹെവിവെയ്റ്റ് ചാമ്പ്യനായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 (എല്‍വിഎം3) യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ് ആറിനെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. എല്‍വിഎം 3 എം ആര്‍ എന്ന പേരിലായിരുന്നു ദൗത്യം.

എല്‍വിഎം3യുടെ എട്ടാമത്തെ വിജയകരമായ ദൗത്യമാണ് ഇത്. ബഹിരാകാശത്ത് നിന്ന് സ്മാര്‍ട്ട്ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ സമയം രാവിലെ 8.54 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയായ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നുമാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

ബ്ലൂബേര്‍ഡ് 6 ന് ഏകദേശം 6,100 കിലോഗ്രാം ഭാരമുണ്ട്. ഒരു ഇന്ത്യന്‍ റോക്കറ്റ് ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ പേലോഡാണിത്. ഐഎസ്ആര്‍ഒയുടെ റോക്കറ്റ് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിതെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ പറഞ്ഞു. 43.5 മീറ്റര്‍ ഉയരവും 640 ടണ്‍ ഭാരവുമുള്ള എല്‍വിഎം3 (ബാഹുബലി) ഇന്ത്യയിലെ ഏറ്റവും ശക്തമായ റോക്കറ്റാണ്.

2023 ലെ ചരിത്രപ്രസിദ്ധമായ ചന്ദ്രയാന്‍-3 ദൗത്യം ഉള്‍പ്പെടെ എല്‍വിഎം3ന്റെ ഇതിന് മുന്‍പുള്ള ഏഴ് ദൗത്യങ്ങളും വിജയകരമായിരുന്നു. സ്റ്റാര്‍ലിങ്ക് അല്ലെങ്കില്‍ വണ്‍വെബില്‍ നിന്ന് വ്യത്യസ്തമായി, എഎസ്ടി സ്പേസ്മൊബൈലിന്റെ സാങ്കേതികവിദ്യ ദൈനംദിന സ്മാര്‍ട്ട്‌ഫോണുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. പ്രത്യേക ടെര്‍മിനലുകളുടെയോ ഗ്രൗണ്ട് സ്റ്റേഷനുകളുടെയോ ആവശ്യകത ഇല്ലാതെ കണക്ടിവിറ്റി സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web