ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കി ക്രൈസ്തവ വിദ്വേഷം പരത്താന്‍ ശ്രമം; ജനം ടിവിക്കെതിരെ സിറോ മലബാര്‍ സഭ

ജനം ടിവി, കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ പേരില്‍ ക്രൈസ്തവ നിന്ദ പരത്തുന്നു എന്ന ആരോപണവുമായി സിറോ മലബാര്‍ സഭ. ഗോവിന്ദച്ചാമി ഇന്നലെ കണ്ണൂര്‍ ജയിലില്‍ നിന്ന് ചാടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജനം ടിവി ‘ചാര്‍ളി തോമസ്’ എന്ന പേരാണ് ഉപയോഗിച്ചത്. ഇതാണ് കത്തോലിക്ക സഭയെ പ്രകോപിച്ചത്.
തങ്ങളുടെ അനുയായികള്‍ക്കിടയില്‍ പരമാവധി ക്രൈസ്തവ വിദ്വേഷം വളര്‍ത്താനും മതപരിവര്‍ത്തനം എന്ന ദുരാരോപണം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുറപ്പിക്കാനും കിട്ടിയ അവസരം മുതലാക്കുകയാണെന്നത് മനസ്സിലാകുന്നുണ്ടെന്ന് സിറോ മലബാര്‍ സഭയുടെ മീഡിയാ കമ്മീഷന്‍ കുറ്റപ്പെടുത്തി.
‘പോലീസ് റെക്കോര്‍ഡുകളിലും സകലമാന മാധ്യമങ്ങള്‍ക്കും സൗമ്യ വധക്കേസ് പ്രതി കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയാണ്, എന്നാല്‍ ജനം ടിവിക്കു മാത്രം അയാള്‍ ചാര്‍ളി തോമസാണ്. സൗമ്യക്കേസില്‍ പിടിയിലായപ്പോള്‍ ഇയാള്‍ പോലീസിനോടു പറഞ്ഞ പേരാണ് ചാര്‍ലി തോമസ് എന്നത്. പോലീസ് പിടിക്കുമ്പോള്‍ പേര് മാറ്റി പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു.
ഗോവിന്ദച്ചാമി, ചാര്‍ലി, കൃഷ്ണന്‍, രാജ, രമേഷ് എന്നിങ്ങനെ പല പേരുകളും വിവിധ കേസുകളില്‍ അയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആദ്യം പോലീസ് രേഖപ്പെടുത്തിയ പ്രകാരം ചില മാധ്യമങ്ങളിലും ചാര്‍ലി തോമസ് എന്ന പേരാണ് വന്നത്.
എന്നാല്‍, പിന്നീട് പോലീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ ഇയാളുടെ പേര് ഗോവിന്ദച്ചാമി എന്നാണെന്നു കണ്ടെത്തി. ഇതോടെ മാധ്യമങ്ങള്‍ ആ പേര് ഉപയോഗിച്ചു തുടങ്ങി.
സുപ്രീം കോടതി വിധി രേഖകളില്‍ ഗോവിന്ദസ്വാമി എന്നാണ് ഇയാളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ടുനടന്ന നിരവധി മാധ്യമ ചര്‍ച്ചകളില്‍ ഇത് കള്ളപ്രചാരണമാണെന്ന് തെളിഞ്ഞതുമാണ്’ മീഡിയ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.