ക്രിസ്തുമസില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് സിബിസിഐ
ന്യൂഡൽഹി: ക്രൈസ്‌തവർക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). കരോൾ സംഘങ്ങളെയും പള്ളികളിൽ പ്രാർത്ഥിക്കാൻ ഒത്തുകൂടിയവരെയും ലക്ഷ്യമിട്ടുള്ള ആസൂത്രിത അതിക്രമങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് സിബിസിഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ജബൽപുരിൽ ക്രിസ്‌തുമസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കാഴ്‌ചപരിമിതിയുള്ള സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത ബിജെപി നേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിൽ ക്രൈസ്‌തവർക്കെതിരേ ഇന്നു ബന്ദിന് ആഹ്വാനം ചെയ്‌ത് ഹിന്ദുത്വ സംഘടനകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്.
വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന എല്ലാ വ്യക്തികൾക്കും സംഘടനകൾക്കുമെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും രാജ്യമെന്‌പാടും സമാധാനപരമായും സുരക്ഷിതമായും ക്രിസ്‌തുമസ് ആഘോഷിക്കുന്നതിന് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.