നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്കു നേരെ ആക്രമണം; കത്തോലിക്കാ ദൈവാലയം തീയിട്ട് നശിപ്പിച്ചു

 
nigeria

നൈജീരിയയിലെ ക്രൈസ്തവ വേട്ട വീണ്ടും തുടരുകയാണ്. നൈജീരിയയിലെ ക്രോസ് റിവർ സംസ്ഥാനത്തുള്ള ഒരു കത്തോലിക്കാ ദൈവാലയം അജ്ഞാതരായ അക്രമികൾ തീയിട്ടു നശിപ്പിച്ചു. ബോക്കി ലോക്കൽ ഗവൺമെന്റ് പരിധിയിലുള്ള കാച്ചുവാൻ ഇറുവാനിലെ സെന്റ് മേരീസ് ക്വാസി ഇടവകയാണ് ആക്രമിക്കപ്പെട്ടത്.

ഫെബ്രുവരി 26-ന് പുലർച്ചെ ഏകദേശം 3 മണിയോടെയാണ് അക്രമികൾ പള്ളിയിൽ അതിക്രമിച്ചു കയറിയത്. പള്ളിയുടെ വാതിലുകൾ തകർത്ത് അകത്തുകടന്ന അക്രമികൾ ബലിപീഠത്തിനും അനുബന്ധ ഭാഗങ്ങൾക്കും തീയിടുകയായിരുന്നു. ആക്രമണത്തിൽ ദൈവാലയത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന സക്രാരി, വിശുദ്ധ വസ്തുക്കൾ, അൾത്താരയുടെ ഭാഗങ്ങൾ എന്നിവയ്ക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. കൂടാതെ, ദൈവാലയത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഇടവക വികാരിയുടെ രണ്ട് കാറുകളും അക്രമികൾ പൂർണ്ണമായും കത്തിച്ചു. പള്ളിയുടെ സങ്കീർത്തിയിൽ സൂക്ഷിച്ചിരുന്ന പ്രധാനപ്പെട്ട രേഖകളും ആർക്കൈവ്സുകളും അക്രമികൾ തിരഞ്ഞുപിടിച്ച് തീയിട്ടതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സമീപവാസികളും ഫയർഫോഴ്സും ചേർന്നാണ് തീ മറ്റു കെട്ടിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, മേഖലയിൽ ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അക്രമങ്ങളുടെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു.

നൈജീരിയയിലെ ക്രൈസ്തവർ നേരിടുന്ന സുരക്ഷാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നൈജീരിയൻ ബിഷപ്പ് കോൺഫറൻസ് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web