ക്രൈസ്തവര്‍ക്കെതിരായ ആക്രമണം ഇന്ത്യയുടെ മതനിരപേക്ഷതക്ക് ഗുരുതര ഭീഷണി. പ്രധാനമന്ത്രി ഇടപെടണമെന്ന് കെ.സി വേണുഗോപാല്‍ എം.പി
ഡല്‍ഹി: രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിനെതിരായി വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിശബ്ദത, വിദ്വേഷപ്രചാരകര്‍ക്ക് കൂടുതല്‍ ധൈര്യം പകരുകയാണെന്നും അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു.
വിവിധ സംസ്ഥാനങ്ങളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം തകര്‍ക്കുന്ന വിദ്വേഷപ്രചാരണത്തിന്റെ ഭാഗമാണെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന് പ്രസംഗിക്കുന്ന ഭരണകൂടം, പൗരന്മാരെ ആള്‍ക്കൂട്ടാക്രമണങ്ങള്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ ആ മുദ്രാവാക്യം അര്‍ത്ഥശൂന്യമാകുകയാണ്. അദ്ദേഹം കുറ്റപ്പെടുത്തി.
ക്രിസ്ത്യന്‍ സമൂഹത്തിനെതിരായ അക്രമങ്ങള്‍ അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. രാജ്യത്തെ ഓരോ പൗരനും ഭയമില്ലാതെ തനിക്കിഷ്ടമുള്ള മതം അനുഷ്ഠിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പാക്കണം. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
ക്രിസ്തുമസ് ആഘോഷവേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ നടന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയ വേണുഗോപാല്‍ ഇത് അതീവ ആശങ്കാജനകമാണെന്നും വ്യക്തമാക്കി. ഡല്‍ഹി, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഇതിന് തെളിവാണ്. ഡല്‍ഹിയിലെ ലജ്പത് നഗറില്‍ സാന്താക്ലോസ് തൊപ്പി ധരിച്ചതിന്റെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും തീവ്ര ഹൈന്ദവ സംഘടനകളുടെ അംഗങ്ങള്‍ അധിക്ഷേപിച്ചു. രാജ്യതലസ്ഥാനത്ത് തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് ഭരണകൂടത്തിന്റെ പരാജയമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഢിലെ കാങ്കര്‍ ഗ്രാമത്തില്‍, മതപരിവര്‍ത്തന ആരോപണങ്ങള്‍ ഉയര്‍ത്തി രണ്ട് പള്ളികള്‍ ആക്രമിക്കുകയും ക്രിസ്ത്യന്‍ വീടുകള്‍ കത്തിക്കുകയും ചെയ്തു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ക്രിസ്ത്യന്‍ സന്യാസിനികള്‍ക്ക് നേരെ ആക്രമണം നടന്ന സംഭവവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. റായ്പൂരിലെ മാഗ്‌നറ്റോ മാളില്‍, ആയുധധാരികളടങ്ങിയ സംഘം ക്രിസ്തുമസ് അലങ്കാരങ്ങള്‍ നശിപ്പിക്കുകയും, ഷോപ്പിംഗ് നടത്തിയിരുന്നവരോട് മതവും ജാതിയും ചോദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ ചില ഗ്രാമങ്ങളില്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെയും മിഷണറിമാരുടെയും പ്രവേശനം നിരോധിക്കുന്ന സാഹചര്യം പോലും ഉണ്ടായതായും വേണുഗോപാല്‍ പറഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഗോരഖ്പൂര്‍ പ്രദേശത്ത് കേള്‍വി- കാഴ്ച വൈകല്യമുള്ള കുട്ടികള്‍ പങ്കെടുത്തിരുന്ന ക്രിസ്തുമസ് പ്രാര്‍ത്ഥനയ്ക്കും വിരുന്നിനും നേരെയും ആക്രമണം അഴിച്ചുവിട്ടു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍, ക്രിസ്തുമസ് തലേന്ന് ഒരു പള്ളിയിലെ പ്രാര്‍ത്ഥനയോഗം അക്രമിസംഘം തടസ്സപ്പെടുത്തി. കേരളത്തിലും മതവൈരാഗ്യത്തിന്റെ വിഷം പടരുന്നതായി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പാലക്കാട്, 15 വയസില്‍ താഴെയുള്ള കുട്ടികള്‍ പങ്കെടുത്ത ക്രിസ്തുമസ് കരോള്‍ ഘോഷയാത്ര ആക്രമിക്കപ്പെട്ടു.കുട്ടികളുടെ സംഗീതോപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടു.കഴിഞ്ഞ വര്‍ഷങ്ങളിലെ പുതുവത്സരാഘോഷങ്ങള്‍ പോലും മോറല്‍ പൊലീസിംഗിന്റെയും അക്രമങ്ങളുടെയും വേദിയായി മാറിയതായും കെ.സി. വേണുഗോപാല്‍ കത്തില്‍ പറയുന്നു.