ക്രൈസ്‌തവ ദേവാലയങ്ങൾക്കും കൂട്ടായ്‌മകൾക്കും നേരേയുള്ള അതിക്രമങ്ങൾ വേദനാജനകം: സീറോമലബാർ സഭ

 
2222

കാക്കനാട്: ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം മുഴങ്ങേണ്ട ക്രിസ്‌തുമസ് കാലം, നിർഭാഗ്യവശാൽ ഭാരതത്തിലെ ചില ഭാഗങ്ങളിൽ ഭീതിയുടെയും അശാന്തിയുടെയും ദിനങ്ങളായി മാറിയെന്ന് സീറോമലബാർ സഭ.

ഭരണഘടന നൽകുന്ന അവകാശങ്ങൾ പോലും നിഷേധിച്ച് ക്രൈസ്‌തവ ദേവാലയങ്ങൾക്കും പ്രാർത്ഥനാ കൂട്ടായ്‌മകൾക്കും നേരേ നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്നും സീറോമലബാർ സഭയുടെ 34-ാമത് സിനഡിൻ്റെ ആദ്യ സമ്മേളനത്തെത്തുടർന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുറത്തിറക്കിയ സർക്കുലറിൽ ചൂണ്ടിക്കാട്ടി.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആറു മുതൽ പത്തുവരെയായിരുന്നു സിനഡ് സമ്മേളനം.

സ്നേഹത്തിന്റെ പ്രവൃത്തികളെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന വിദ്വേഷത്തിൻ്റെ സംസ്കാരം വളരാൻ അനുവദിക്കുന്നതു നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെത്തന്നെ ദുർബലമാക്കുന്നുവെന്ന് സിനഡാനന്തര സർക്കുലറിൽ വ്യക്തമാക്കുന്നു.

കുരിശിലെ ബലിയിലൂടെ എല്ലാവരെയും തന്നിലേക്ക് ആകർഷിച്ച മിശിഹായുടെ സ്നേഹത്തിന്റെ ശക്തിയാണ് നമ്മുടെ വിദ്യാഭ്യാസ, കാരുണ്യ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നത്.

എതിർപ്പുകളും പീഡനങ്ങളുമുണ്ടാകുമ്പോഴും, ധൈര്യപൂർവം സുവിശേഷത്തിന്റെ സന്തോഷം ജീവിക്കുന്ന എല്ലാ സഭാ മക്കളെയും സഭ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുന്നു.

Tags

Share this story

From Around the Web