മിഷിഗണില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം; സിനഗോഗിലേക്ക് സ്‌ഫോടക വസ്തുക്കളുള്ള വാഹനം ഇടിച്ചു കയറ്റി

 
1qq

വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ഡിട്രോയിറ്റിന് സമീപമുള്ള 'ടെംപിൾ ഓഫ് ഇസ്രയേൽ' സിനഗോഗിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

പന്ത്രണ്ടായിരത്തോളം അംഗങ്ങളുള്ള സിനഗോഗിലെ പ്രൈമറി സ്കൂളിൽ 140 ഓളം കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ആക്രമണം നടന്നത്. സിനഗോഗിന്റെ മുൻവശത്തെ കവാടം തകർത്ത് അക്രമി വാഹനം കെട്ടിടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിക്കുനേരെ വെടിയുതിർത്തു. സംഭവത്തിൽ ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റതൊഴിച്ചാൽ കുട്ടികളടക്കം മറ്റെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

അക്രമി സഞ്ചരിച്ചിരുന്ന വാഹനത്തിൽ നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് എഫ്.ബി.ഐ (FBI) വ്യക്തമാക്കി. കൊല്ലപ്പെട്ട അക്രമി മിഷിഗണിൽ താമസിക്കുന്ന ലെബനൻ വംശജനാണെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കുടുംബാംഗങ്ങൾ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായും ഇതാകാം ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നുമാണ് സൂചനകൾ.

ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഓക്ക്‌ലാൻഡ് കൗണ്ടി പൊലീസും എഫ്.ബി.ഐയും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തെത്തുടർന്ന് അമേരിക്കയിലെ വിവിധ ജൂത ആരാധനാലയങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web