ഡോക്ടർക്കെതിരായ ആക്രമണം: താമരശേരി താലൂക്ക് ആശുപത്രിയിൽ ഇന്നും പണിമുടക്ക്; പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും

കോഴിക്കോട്: താമരശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകർ ഇന്നും പണിമുടക്കും. താമരശേരി താലൂക്ക് ആശുപത്രിയിൽ അനിശ്ചിതകാല ഒപി ബഹിഷ്കരണം തുടരുകയാണ്. അത്യാഹിത വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. കാഷ്യാലിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രം ചികിത്സ നൽകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ജോലി സുരക്ഷാ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കെജിഎംഒഎ അറിയിച്ചിരിക്കുന്നത്. ആശുപത്രിയിൽ അടിയന്തരമായി പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് കെജിഎംഒഎ സമരം തുടരുന്നത്. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ പണിമുടക്ക് ഉണ്ടാകില്ല.
അതേസമയം, ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി സനൂപിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് നീക്കം. തെളിവെടുപ്പ് പൂർത്തിയായെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്.