ലോകമെമ്പാടുമായി ഈ വർഷം കൊല്ലപ്പെട്ടത് 67 മാധ്യമപ്രവർത്തകരെന്ന് റിപ്പോർട്ട്

 
0999

ഈ വർഷം കൊല്ലപ്പെട്ടത് 67 മാധ്യമപ്രവർത്തകരെന്ന് റിപ്പോർട്ട്. ഇത് സംബന്ധിക്കുന്ന എണ്ണം പട്ടികപ്പെടുത്തുന്ന ഒരു റിപ്പോർട്ട് ‘റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്’ പുറത്തിറക്കി. അതോടൊപ്പം മാധ്യമപ്രവർത്തകരിൽ 503 പേർ ജയിലിലായി, 135 പേരെ കാണാതായി, 20 പേരെ ബന്ദികളാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ‌എസ്‌എഫ്) ന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ അവതരിപ്പിച്ച ഈ കണക്കുകൾ, യുദ്ധത്തിലെ നാശനഷ്ടങ്ങളിലേക്കല്ല, മറിച്ച് കൂടുതൽ ആഴത്തിലുള്ള ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സത്യം പറയാൻ പ്രതിജ്ഞാബദ്ധരായ ശബ്ദങ്ങളെ മനഃപൂർവം നിശബ്ദമാക്കുന്നതിലേക്കാണ്.

സംഘർഷം, സംഘടിത കുറ്റകൃത്യങ്ങൾ, മാധ്യമങ്ങളോടുള്ള വർധിച്ചുവരുന്ന ശത്രുത എന്നിവയാൽ അടയാളപ്പെടുത്തിയ ഒരു വർഷമായിരുന്നു 2025 എന്ന് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഈ വർഷം കൊല്ലപ്പെട്ട പത്രപ്രവർത്തകരിൽ പകുതിയോളം പേർ – 43% പേർ – ഗാസയിൽ കൊല്ലപ്പെട്ടവരാണ്.

ഉക്രൈൻ, സുഡാൻ, യെമൻ, സിറിയ എന്നിവിടങ്ങളിലും മധ്യപ്രവർത്തകരെ കാണാതാകുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ, സൈനിക, അർദ്ധസൈനിക ഗ്രൂപ്പുകളുടെ നേരിട്ടുള്ള ലക്ഷ്യങ്ങളായി മാറുകയോ ചെയ്യുന്നു. ഇവരുടെ മരണം അവിചാരിതമല്ല. മറിച്ച്, സാക്ഷികളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഇരകളാണ്.

ലാറ്റിൻ അമേരിക്കയിൽ കുറഞ്ഞത് ഒമ്പത് പത്രപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മെക്സിക്കോയിൽ – മാധ്യമങ്ങൾക്കെതിരായ അക്രമത്തിന് പ്രധാന കാരണം മയക്കുമരുന്ന് കാർട്ടലുകൾ, അഴിമതിക്കാരായ പ്രാദേശിക ശക്തികൾ, ക്രിമിനൽ ശൃംഖലകൾ എന്നീ ഗ്രുപ്പുകളാണ്.

മിഡിൽ ഈസ്റ്റ് മുതൽ ലാറ്റിൻ അമേരിക്ക വരെയുള്ള ഈ വൈവിധ്യമാർന്ന പ്രദേശങ്ങളെ ഒന്നിപ്പിക്കുന്നത് അടിസ്ഥാന മനുഷ്യാവകാശമായ വിവരാവകാശത്തിന്റെ സ്ഥിരമായ നഷ്ടമാണ്. മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് സമൂഹങ്ങൾക്ക് കണ്ണും കാതും നഷ്ടപ്പെടുത്തുന്നു. തെറ്റായ വിവരങ്ങളും ധ്രുവീകരണവും വർധിച്ചുവരുന്ന ഒരു ലോകത്ത്, സ്വതന്ത്ര റിപ്പോർട്ടിംഗിന്റെ അഭാവം സമൂഹങ്ങളെ കൃത്രിമത്വത്തിനും ഭയത്തിനും ഇരയാക്കുന്നു.

Tags

Share this story

From Around the Web