സ്വിറ്റ്സർലൻഡിലെ സ്കീ റിസോർട്ടിൽ പുതുവർഷ ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി
സ്വിറ്റ്സർലൻഡിലെ ക്രാൻസ്-മൊണ്ടാനയിലെ സ്കീ റിസോർട്ടിൽ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തിൽ 115 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
“നമ്മുടെ രാജ്യം കണ്ട ഏറ്റവും മോശമായ ദുരന്തങ്ങളിലൊന്ന്” എന്നാണ് സ്വിസ് പ്രസിഡന്റ് ഗൈ പാർമെലിൻ സംഭവത്തെ വിശേഷിപ്പിച്ചത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായതിനാൽ കൃത്യമായ മരണസംഖ്യ സ്ഥിരീകരിക്കുന്നതിനും ഇരകളെ തിരിച്ചറിയുന്നതിനും സമയമെടുക്കുമെന്ന് അധികൃതർ പറഞ്ഞു. തിരിച്ചറിയൽ രേഖകൾ സ്ഥാപിക്കാൻ വിദഗ്ധർ ദന്ത-ഡിഎൻഎ രേഖകളെ ആശ്രയിക്കുന്നുണ്ട്.
പല രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്നത്. വരുംദിവസങ്ങളിൽ മരണമടഞ്ഞവരെ തിരിച്ചറിയുക എന്നതിനാണ് മുൻഗണന നൽകുകയെന്ന് റീജിയണൽ പൊലീസ് കമാൻഡർ ഫ്രെഡറിക് ഗിസ്‌ലർ പറഞ്ഞു. അതുവഴി മൃതദേഹങ്ങൾ വേഗത്തിൽ അവരുടെ കുടുംബങ്ങൾക്ക് തിരികെ നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.