മൂന്ന് ദിവസത്തിനുള്ളില്‍ ഗാസയില്‍ പട്ടിണികിടന്ന് മരിച്ചത് 21 കുട്ടികള്‍, ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ ലഭിക്കാതെ കഷ്ടപ്പെടുകയാണ് ഗാസയിലെ ജനത
 

 
1111

ഇസ്രയേല്‍ അധിനിവേശം നടക്കുന്ന പലസ്തീനിലെ ഗാസയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പട്ടിണി കിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങള്‍. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു.

നഗരത്തിലെ മൂന്ന് ആശുപത്രികളാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ആറാഴ്ച പ്രായമുള്ള കുഞ്ഞുള്‍പ്പെടെയാണ് മരിച്ചത്.

കുഞ്ഞുങ്ങളും മുതിര്‍ന്നവരും ഉള്‍പ്പെടെ 101 പേരാണ് കഴിഞ്ഞാഴ്ച ഗാസയില്‍ മരിച്ചത്. മതിയായ ഭക്ഷണം ലഭിക്കാതെ സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെ കുഴഞ്ഞ് വീഴുന്ന അവസ്ഥയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത് ലക്ഷത്തിലധികം പേരാണ് ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമം നേരിടുന്നത്.

ഇതിനിടയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്. ഇസ്രയേലിന്റെ ഉപരോധം മൂലം ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവ ലഭിക്കാതെ കഷ്ടപ്പെടുകയാണ് ഗാസയിലെ ജനത.

അഞ്ച് വയസിന് താഴെയുള്ള നിരവധി കുഞ്ഞുങ്ങളാണ് പട്ടിണി ഭീതിയില്‍ ഗാസയിലുള്ളത്. ചൊവ്വാഴ്ച ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു.

ഭക്ഷണത്തിന് പുറമേ മരുന്നിന്റെ ലഭ്യത കുറവും പട്ടിണിമൂലം അവശരായി എത്തുന്ന കുഞ്ഞുങ്ങളെ ഉള്‍പ്പെടെ പരിചരിക്കാന്‍ കഴിയാത്ത സാഹചര്യം ആശുപത്രികളിലുണ്ടാക്കുന്നു. ഭക്ഷണം തേടിയെത്തുന്ന കുഞ്ഞുങ്ങളെ അടക്കം കൊല്ലുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web