പെറുവിൽ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് 15 മരണം

 
peru

തെക്കൻ പെറുവിലെ അരെക്വിപ്പ മേഖലയിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ടവരെ രക്ഷിക്കാൻ പോയ സൈനിക ഹെലികോപ്റ്റർ തകർന്ന് 15 പേർ മരിച്ചു. പെറു എയർഫോഴ്സിന്റെ എംഐ-17 എന്ന ഹെലികോപ്റ്ററാണ് തകർന്നത്.

തിങ്കളാഴ്ച ചാല ജില്ലയിൽ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ 11 യാത്രക്കാരും നാല് ജീവനക്കാരും ഏഴ് കുട്ടികളുമാണ്. മണ്ണിടിച്ചിലും കരകവിഞ്ഞൊഴുകുന്ന നദികളും വ്യാപകനാശനഷ്ടങ്ങൾ വരുത്തിയതിനാൽ മേഖലയിലെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും പിന്തുണ നൽകുന്നതിനായാണ് ഹെലികോപ്റ്റർ വിന്യസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് ഹെലികോപ്റ്ററുമായുള്ള റേഡിയോബന്ധം നഷ്ടമായത്. പിസ്കോയിൽ നിന്ന് ചാല മേഖലയിലേക്കു പോവുകയായിരുന്നു ഹെലികോപ്റ്റർ.

ഹെലികോപ്റ്ററിലുണ്ടായിരുന്ന ചില സായുധസേനാംഗങ്ങളുടെ ബന്ധുക്കളും അവരോടൊപ്പം ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ച കുട്ടികളിൽ ഒരാൾക്ക് മൂന്ന് വയസ്സായിരുന്നതായും റിപ്പോർട്ടുണ്ട്. “ഞങ്ങളുടെ സൈനികർക്കും യാത്രക്കാർക്കും സംഭവിച്ച നികത്താനാവാത്ത ഈ നഷ്ടത്തിൽ അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുഴുവൻ വ്യോമസേനാ (FAP) കുടുംബത്തിന്റെയും ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു” എന്ന് പെറു വ്യോമസേന ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Tags

Share this story

From Around the Web