നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി, അവർ വന്നാൽ എല്ലാവരും ഇടിച്ചു കയറുന്നു: യു. പ്രതിഭ എംഎൽഎ

ആലപ്പുഴ: സദാചാര പ്രസംഗവുമായി യു. പ്രതിഭ എംഎൽഎ. ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും യു. പ്രതിഭ പറഞ്ഞു. കായംകുളത്ത് നടന്ന സർക്കാർ പരിപാടിയിലായിരുന്നു എംഎൽഎയുടെ പരാമർശം.
അത് നിർത്താൻ പറയണം. തുണിയുടുത്ത് വരാൻ പറയണം. ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നതെന്നും യു. പ്രതിഭ പറഞ്ഞു.
മോഹൻലാലിന്റെ ടെലിവിഷൻ പരിപാടിയെയും യു. പ്രതിഭ വിമർശിച്ചു. മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടിയെന്നും യു. പ്രതിഭ കൂട്ടിച്ചേർത്തു.
അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്റ് ചെയ്യുക. അനശ്വരനടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണ്. ധൈര്യത്തോടെ പറയാൻ നമ്മൾ തയ്യാറാവണമെന്നും യു. പ്രതിഭ വ്യക്തമാക്കി.