നിയമസഭാ തിരഞ്ഞെടുപ്പ്; പാലക്കാട് കെ സുരേന്ദ്രൻ, കായംകുളത്ത് ശോഭാ സുരേന്ദ്രൻ; 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി
നിയമസഭാ തിരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി. ഈ മാസം 12 മുതൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് ആലോചന. തിരുവനന്തപുരം നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും ഉറപ്പിച്ചു. പാലക്കാട് കെ സുരേന്ദ്രനെയും കായംകുളത്ത് ശോഭാ സുരേന്ദ്രനെയുമാണ് പരിഗണിക്കുന്നത്.
ജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിൽ ആദ്യ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളിൽ അഴിച്ചു പണിക്കും സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കു പ്രകാരം മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള 29 മണ്ഡലങ്ങളും നാൽപതിനായിരത്തിലധികം വോട്ടുകളുള്ള 7 മണ്ഡലങ്ങളും കേന്ദ്രീകരിച്ചാവും പ്രവർത്തനം ശക്തിപ്പെടുത്തുക.
കാട്ടാക്കടയിൽ – പി കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്ററിൽ – ജി കൃഷ്ണകുമാർ, തിരുവല്ല- അനൂപ് ആന്റണി, ചെങ്ങന്നൂർ – കുമ്മനം രാജശേഖരൻ, കായംകുളം – ശോഭ സുരേന്ദ്രൻ, പാലാ- ഷോൺ ജോർജ് തുടങ്ങിയവരുടെ പേരുകളും അന്തിമ പട്ടികയിലുണ്ട്. നിയമസഭയിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടുക എന്നതാണ് പ്രധാനമായും ബിജെപിയുടെ ലക്ഷ്യം.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഔട്ട് റീച്ച് ഫലം കണ്ടില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ആകർഷിക്കാനായില്ലെന്നും ഹിന്ദു വോട്ടുകൾ നഷ്ടമായെന്നും കോർ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ. ബിജെപി ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 1.3% മാത്രമാണെന്നും കോർ കമ്മിറ്റി യോഗത്തിൽ ചർച്ചയായി.