നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം: അഞ്ച് പൊലീസുകാരെയും സസ്‌പെൻഡ് ചെയ്യാന്‍ ആലോചന

 
nava

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും മർദിച്ച സംഭവത്തിൽ വകുപ്പുതല നടപടി ഉടൻ ഉണ്ടാകും. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് ആലോചന. വകുപ്പ് തല നടപടി ശിപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് സമർപ്പിക്കും.

പൊലീസ് ഉദ്യോഗസ്ഥരെക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനും തീരുമാനമായിട്ടുണ്ട്. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്ക് പുറമേ ഷൈജു, അരുൺ, വിപിൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിചേർത്താണ് എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. വകുപ്പുകൾ ചുമത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഗുരുതര ചട്ടലംഘനമാണെന്ന് എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അന്വേഷണത്തിന് ശേഷം വകുപ്പുകൾ ചുമത്തും. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

കൂടുതൽ ഉദ്യോഗസ്ഥരെ പ്രതി ചേർത്തതിൽ സന്തോഷമുണ്ടെന്ന് അന്ന് മര്‍ദമേറ്റ എ.ഡി തോമസ് എംഎൽഎ മീഡിയവണിനോട് പറഞ്ഞു. എ.ഡി തോമസ്, അജയ് ജോയൽ കുര്യാക്കോസ്, ദൃശ്യങ്ങൾ പകർത്തിയ ജോജി എന്നിവരുടെ മൊഴികളാണ് അന്വേഷണ സംഘം എടുത്തിരുന്നത്. ജോജിയുടെ ഫോൺ മുമ്പ് തന്നെ പൊലീസ് കസ്റ്റഡയിൽ എടുത്തിരുന്നു.

Tags

Share this story

From Around the Web