നെല്ലുസംഭരണം അവസാന ഘട്ടത്തിലേക്കു നീങ്ങവേ അപ്രതീക്ഷിതമായി മില്ലുടമകള്‍ പിന്‍വാങ്ങി. കഴിഞ്ഞ മൂന്നു ദിവസമായി സംഭരണം മുടങ്ങിയതോടെ കർഷകർ സംഘടിച്ചു സമരം നടത്തി
 

 
paddy

കോട്ടയം: നെല്ലുസംഭരണം അവസാന ഘട്ടത്തിലേക്കു നീങ്ങവേ അപ്രതീക്ഷിതമായി മില്ലുടമകള്‍ പിന്‍വാങ്ങി. കഴിഞ്ഞ മൂന്നു ദിവസമായി സംഭരണം മുടങ്ങിയതോടെ കർഷകർ സംഘടിച്ചു സമരം നടത്തി. ഒടുവിൽ ഒരു മില്ല് മുഴുവന്‍ നെല്ലും സംഭരിക്കാന്‍ സന്നദ്ധത അറിയിച്ചതോടെ പ്രശ്ന പരിഹാരം.

എം.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ച കരാർ ഉണ്ടായിട്ടും നെല്ലുസംഭരണത്തില്‍ മില്ലുകാര്‍ വിട്ടു നിൽക്കുകയായിരുന്നു.  പ്രതിഷേധവുമായെത്തിയ കർഷകർ പാഡി ഓഫീസറെ മണിക്കൂറുകളോളം ഉപരോധിച്ചു. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിലെ കര്‍ഷകരാണ് പാഡി ഓഫീസ് ഉപരോധിച്ചത്.   
രണ്ടു പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാടശേഖരത്തിലെ നെല്ലുസംഭരണം അവസാന ഘട്ടത്തിലേക്കു നീങ്ങവേയാണ് അപ്രതീക്ഷിതമായി മില്ലുടമകള്‍ പിന്‍വാങ്ങിയത്. പാടശേഖരത്തിലെ സംഭരണം ആരംഭിക്കുന്നതിനു മുമ്പ് എ.ഡി.എമ്മിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍, മൂന്നു കിലോ കിഴിവില്‍ നെല്ലു സംഭരിക്കാമെന്നു കരാര്‍ ഉറപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ സംഭരണം സുഗമമായി നടത്തുകയും ചെയ്തിരുന്നു.

1600 ഏക്കറില്‍ നിന്നായി ഏകദേശം 220 ലോഡ് നെല്ല് സംഭരിക്കുകയും ചെയ്തിരുന്നു. മൂന്നൂറ് ഏക്കറിലെ ഏകദേശം 25 ലോഡ് അവശേഷിക്കേയാണ് നെല്ലില്‍ പതിരിന്റെ അളവ് കൂടുതലാണെന്ന കാരണം പറഞ്ഞു മില്ലുകാര്‍ പിന്‍വാങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസമായി സംഭരണം നടക്കുന്നില്ല. കായല്‍ നിലങ്ങളിലാണു നെല്ല് കൂട്ടിയിരിക്കുന്നത്.

തണ്ണീര്‍മുക്കം ബണ്ട് തുറന്നതിനാല്‍ ഉപ്പുവെള്ള ഭീഷണിയും വേനല്‍ മഴ ഭീഷണിയും നിലനില്‍ക്കുന്നു. ഇതോടെ നെല്‍ക്കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി പാഡി ഓഫീസില്‍ എത്തുകയായിരുന്നു. തുടര്‍ന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉള്‍പ്പെടെ ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്

. ഒരു മില്ലുടമ പകുതി നെല്ല് സംഭരിക്കാന്‍ സന്നദ്ധ അറിയിച്ചെങ്കിലും മറ്റൊരു മില്ല് തടസം നിന്നു. ഒടുവില്‍ രാത്രി ഒമ്പതോടെ ഒരു മില്ല് മുഴുവന്‍ നെല്ലും സംഭരിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇന്നു പത്തു ലോഡ് സംഭരിക്കും,അവശേഷിക്കുന്ന നെല്ല് വരും ദിവസങ്ങളില്‍ സംഭരിക്കും.

Tags

Share this story

From Around the Web