മികച്ച ഭരണത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ താൻ അര്‍ഹനാണെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി, കെജ്‌രിവാളിന്റെ പ്രസ്താവന ചിരി പടര്‍ത്തുന്നതാണെന്നും ബിജെപി
 

 
aravind

മികച്ച ഭരണത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.  ചണ്ഡീഗഡില്‍ നടന്ന 'ദ കെജ്‌രിവാള്‍ മോഡല്‍' എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പിന്റെ പ്രകാശന വേളയിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന.

'ഡല്‍ഹിയില്‍ നമുക്ക് ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തു. എന്നിട്ടും നമ്മള്‍ ജോലി തുടര്‍ന്നു. അതുകൊണ്ട് തന്നെ എനിക്ക് തോന്നാറുണ്ട് എന്റ് ഭരണത്തിന് ഒരു നൊബേല്‍ പ്രൈസ് ലഭിച്ചിരുന്നെങ്കില്‍ എന്ന്,' അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

മുന്‍ സര്‍ക്കാരുകള്‍ അവരുടെ ഖജനാവ് കാലിയാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നാല്‍ എഎപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ആശുപത്രികളും സ്‌കൂളുകളും സൗജന്യ വൈദ്യുതിയും വരെ നല്‍കി.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ മന്ത്രിമാര്‍ക്ക് കൊള്ളയടിക്കുന്നതിനാണ് കൂടുതല്‍ താതപര്യമുണ്ടായിരുന്നെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

എന്നാല്‍ അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. അയോഗ്യതയ്ക്കും അഴിമതിക്കും ഒരു പുരസ്‌കാരം നല്‍കാമെങ്കില്‍ അത് അരവിന്ദ് കെജ്‌രിവാളിന് നല്‍കാമെന്നാണ് ഡല്‍ഹിയിലെ ബിജെപി തലവന്‍ വിരേന്ദ്ര സച്‌ദേവ പരിഹസിച്ചുകൊണ്ട് പറഞ്ഞത്. കെജ്‌രിവാളിന്റെ പ്രസ്താവന ചിരി പടര്‍ത്തുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

പൊതുഗതാഗതത്തിനുപയോഗിക്കുന്ന ബസുകളിലെ പാനിക് ബട്ടണുകളുമായി ബന്ധപ്പെട്ടും സ്ത്രീകളുടെ പെന്‍ഷനുമായി ബന്ധപ്പെട്ടും, മദ്യവും ക്ലാസ് റൂം നിര്‍മാണവുമായും ഒക്കെ ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ അഴിമതി അവിടുത്തെ ജനങ്ങള്‍ മറക്കാന്‍ ഇടയില്ലെന്ന് സച്‌ദേവ പിടിഐയോട് പ്രതികരിച്ചു.

Tags

Share this story

From Around the Web