അറസ്റ്റിലായ കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും, യുഡിഎഫ് എംപിമാർ അമിത് ഷായെ കാണും, ചർച്ചക്കായി ഇന്നും നോട്ടീസ് നൽകും
 

 
kerala nuns

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. നിയമനടപടികൾ സങ്കീർണമാകും എന്നതിനാൽ പ്രത്യേക എൻഐഎ കോടതിയെ സമീപിക്കേണ്ട എന്നാണ് നിയമോപദേശം.

മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയത് എൻഐഎയുടെ അന്വേഷണപരിധിയിൽ വരുന്നതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് സെഷൻസ് കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്നത്.

മതപരിവർത്തനമാരോപിച്ചാണ് മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസീസ് എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗ‍ഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യുഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണും. 12 മണിക്ക് പാർലമെൻ്റിലാണ് കൂടിക്കാഴ്ച. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ അനുഭാവപൂർവമായ നിലപാട് എടുക്കാമെന്ന ഉറപ്പ് അമിത് ഷാ നൽകിയെന്നാണ് സൂചന.

അതേ സമയം വിഷയത്തിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെൻ്റിൻ്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം നോട്ടീസ് നൽകും. കഴിഞ്ഞ 3 ദിവസങ്ങളിൽ നൽകിയ നോട്ടീസുകൾ തള്ളിയിരുന്നു. ഇന്നലെ ലോക്സഭയിലെ ശൂന്യവേളയിൽ എംപിമാർ വിഷയം ഉന്നയിച്ചു.

Tags

Share this story

From Around the Web