ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ; അപലപിച്ച് സിബിസിഐ

മതപരിവർത്തനം, മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ.വന്ദന, പ്രീതി എന്നി കന്യാസ്ത്രിമാരെ റിമാൻഡ് ചെയ്തിരുന്നു.
ബജറംഗ്ദളിന്റെ നിർദ്ദേശപ്രകാരമാണ് കന്യാസ്ത്രീമാരെ ദർഗ റെയിൽവേ സ്റ്റേഷനിൽ പൊലീസ് നിന്ന് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ ശക്തമായി അപലപിച്ച് സിബിസിഐ രംഗത്തെത്തി. കേസും ആരോപണവും കെട്ടിച്ചമച്ചതാണെന്ന് സിബിസിഐ വക്താവ് റോബിൻസൺ റോഡ്രിഗസ് പറഞ്ഞു.
ഭരണഘടനയ്ക്കെതിരെയും രാജ്യത്തിനെതിരെയും ചില സംഘടനകൾ പ്രവർത്തിക്കുന്നു. ഛത്തീസ്ഗഡ് സർക്കാരും കേന്ദ്രസർക്കാരും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണം. ഓരോ ദിവസവും ഇത്തരം സംഭവങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്യാസ്ത്രീമാർക്കെതിരെ പ്രതിഷേധമുയർത്തിയത് ബജറങ്‌ദൾ തന്നെയാകമെന്ന് സിബിസിഐ വക്താവും സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറിയുമായ സിസ്റ്റർ ആശാ പോൾ പറഞ്ഞു. മതപരിവർത്തനം നടത്തിയിട്ടില്ലെന്നും കന്യാസ്ത്രീകൾ വിളിക്കാൻ വന്ന മൂന്ന് പെൺകുട്ടികളും ക്രിസ്ത്യാനികളാണെന്നും അവർ വ്യക്തമാക്കി.
കൃത്യമായ യാത്രാ രേഖകളും കന്യാസ്ത്രീകളുടെ പക്കൽ ഉണ്ടായിരുന്നു. മതപരിവർത്തനത്തിനായി കൊണ്ടുവന്നതാണെന്ന് പറയാൻ പെൺകുട്ടികളോട് പോലീസ് സമ്മർദം ചെലുത്തിയെന്നും അവർ ആരോപിച്ചു.
തിങ്കളാഴ്ച കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് പറഞ്ഞ സിസ്റ്റർ ആശാ പോൾ എല്ലാ നിയമസഹായവും നൽകുമെന്നും വ്യക്തമാക്കി. ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.