മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്, ജാമ്യാപേക്ഷ NIA കോടതിയിൽ സമർപ്പിക്കും, കോടതി നടപടി അനുസരിച്ച് തുടർനീക്കം ആലോചിക്കും

റായ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിക്കാൻ തീരുമാനം. കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എൻഐഎ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്നും നാളെയും NIA കോടതി പ്രവർത്തിക്കുന്നുവെന്നത് കണക്കിലെടുത്താണ് തീരുമാനം. കന്യാസ്ത്രീകളുടെ കുടുംബം, റായ്പൂർ അതിരൂപത നേതൃത്വം, റോജി എം ജോൺ എംഎൽഎ എന്നിവർ അഭിഭാഷകനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.
കോടതി നടപടി അനുസരിച്ച് തുടർനീക്കം ആലോചിക്കും. പ്രതികൂല വിധിയെങ്കിൽ ഉച്ചക്ക് ശേഷമോ, തിങ്കളാഴ്ചയോ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. മനുഷ്യക്കടത്ത് കേസ് ഉള്ളതിനാൽ എൻഐഎ കോടതിയെ സമീപിക്കാൻ നേരത്തെ ദുർഗ് സെഷൻസ് കോടതി നിർദ്ദേശിച്ചിരുന്നു.
മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ സെഷൻസ് കോടതിയിൽ ഛത്തീസ്ഗഡ് സർക്കാർ എതിർത്തിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
ഇത് അംഗീകരിച്ചികൊണ്ടാണ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതും എൻഐഎ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചതും. ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു കന്യാസ്ത്രീകൾ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചത്.