പ്രായമായവർ എന്താ മോശക്കാരാണോ? എം.വി. ഗോവിന്ദൻ പറഞ്ഞത് പിണറായിയെ കുറിച്ചായിരിക്കും; പരിഹസിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തേടി ഇറങ്ങിയിരിക്കുകയാണ് എന്ന എം.വി. ഗോവിന്ദൻ്റെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി, സതീശൻ. പ്രായമായവർ എന്താ മോശക്കാരാണോ എന്ന് ചോദിച്ച സതീശൻ, എം.വി. ഗോവിന്ദൻ പറഞ്ഞത് പിണറായിയെ കുറിച്ചായിരിക്കും എന്നാണ് പറഞ്ഞത്. പിണറായി മാറാൻ സമയമായി എന്നാകും ഉദ്ദേശിച്ചത് എന്നും സതീശൻ പറഞ്ഞു.
കെ.എം. മാണി ഫൗണ്ടേഷന് സ്ഥലം അനുവദിച്ചതിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സ്മാരകം പണിയാൻ സ്ഥലം അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും, അതിന് നിമിത്തമാകാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു. 10 കൊല്ലം ആയിട്ടും കൊടുക്കാത്തത് ഇപ്പോൾ കൊടുത്തല്ലോ, അപമാനിക്കാൻ ശ്രമിച്ചവർ തന്നെ സ്ഥലം അനുവദിച്ചൂ എന്നതും സതീശൻ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെയും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സത്രീകളെ ആര് അപമാനിച്ചാലും, അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും പ്രതിപക്ഷ നേതാവ് നൽകി. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അങ്ങനെയുള്ളവർക്ക് താക്കീത് നൽകുമെന്നും സതീശൻ വ്യക്തമാക്കി.