ആര്‍ച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കല്‍ കെസിബിസിയുടെ പുതിയ പ്രസിഡന്‍റ്
കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെസിബിസി) പ്രസിഡന്‍റായി കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കലിനെ തെരഞ്ഞെടുത്തു. ഇന്നു ഡിസംബർ 12 വെള്ളിയാഴ്ച പാലാരിവട്ടം പിഓസിയിൽ വെച്ച് നടത്തപ്പെട്ട കെസിബിസി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. തിരുവനന്തപുരം അതിരൂപത അധ്യക്ഷനും മലങ്കര സഭയുടെ തലവനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം കെസിബിസിയെ നയിക്കുക.
മലബാറിന്റെ അമ്മയായ കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും അതിന്റെ മെത്രാപ്പോലീത്തയായി വർഗീസ് ചക്കാലക്കൽ പിതാവിനെ പാപ്പ നിയമിക്കുകയും ചെയ്ത സന്തോഷത്തിന്റെ നിറവിലായിരിക്കുമ്പോള്‍ തന്നെയാണ് കെസിബിസിയുടെ അമരക്കാരനായി പുതിയൊരു ഉത്തരവാദിത്വം വർഗീസ് ചക്കാലക്കൽ പിതാവിനു ലഭിക്കുന്നത്. 1953-ല്‍ കോട്ടപ്പുറം രൂപതയിലെ മാളപ്പള്ളിപുരത്ത് ജനിച്ച വര്‍ഗ്ഗീസ് ചക്കാലക്കൽ മാളയിലും മംഗലാപുരത്തും പഠനം നടത്തി 1981ൽ പൗരോഹിത്യം സ്വീകരിച്ചു.